ഒത്തു പിടിച്ചാൽ മലയും പോരും എന്ന് പറയുന്നത് ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്. നടു റോഡിൽ പച്ചക്കറി വണ്ടി മലക്കം മറിഞ്ഞു, അതോടെ വണ്ടിയിലുണ്ടായിരുന്ന എല്ലാ പച്ചക്കറികളും റോഡിലേക്ക് ചിന്നിച്ചിതറി. ഇത് കണ്ട വഴിയാത്രക്കാരെല്ലാവരും കൂടി ഒത്തുചേർന്ന് പച്ചക്കറിക്കാരനെ സഹായിച്ചു. കേൾക്കുന്പോൾ ഇതൊരി കഥ ആണെന്ന് കരുതും, എന്നാൽ സംഗതി സത്യമാണ്.
മഹാരാഷ്ട്രയിലെ നാസിക്കിലുള്ള നവ്ശ്യ ഗണപതി സിഗ്നലിന് സമീപത്താണ് സംഭവം. റോഷൻ എന്ന യൂസർ ആണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. റോഡിലെ കുഴിയിൽ വീണ് പച്ചക്കറി വണ്ടി മറിയുകയും സാധനങ്ങൾ റോഡിലെല്ലാം തിന്നി ചിതറിപ്പോകുകയും ചെയ്തു.
ആ സമയത്ത് സിഗ്നൽ ഗ്രീൻ ആയിട്ടും വണ്ടിയോടിച്ചു പോകാതെ നിരവധി യാത്രക്കാർ അവരുടെ വാഹനം നിർത്തി വണ്ടിക്കാരനെ സഹായിക്കാൻ എത്തി. റോഡിൽ വീണ പച്ചക്കറികൾ ഓരോന്നായി പെറുക്കിയെടുത്ത് അവർ തിരികെ വണ്ടിയിൽവച്ചു കൊടുക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. എല്ലാവരും ഒത്ത് ചേർന്ന് ചെയ്തപ്പോൾ പച്ചക്കറിക്കാരനും സന്തോഷമായി എന്നാണ് പലരും കമന്റ് ചെയ്തത്.
