താമരശേരി: 228 കോടിയോളം രൂപ ചെലവഴിച്ച് നവീകരിച്ച കൊയിലാണ്ടി -താമരശേരി -എടവണ്ണ സംസ്ഥാന പാതയിൽ താഴ്ന്നുപോയ ഭാഗത്ത് ഇന്നലെ നടത്തിയ ടാറിംഗ് മണിക്കൂറുകൾക്കകം പൊളിഞ്ഞു. റോഡ് നവീകരണം പൂർത്തിയാക്കി ഒരു വർഷം പൂർത്തിയാകും മുമ്പേ റോഡിൽ ചരക്കു വാഹനങ്ങളുടെ ടയർ പതിയുന്ന ഭാഗം താഴ്ന്നു പോയിരുന്നു.
ഇതു സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും മാധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തിട്ടും പ്രശ്നം പരിഹരിക്കാൻ കരാർ കമ്പനിയായ ശ്രീ ധന്യ കൺസ്ട്രക്ഷൻസ് തയാറായിരുന്നില്ല.
റോഡിൽ അപകടങ്ങൾ പതിവായതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും അടിയന്തരമായി അപകട അവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടർന്ന് കണ്ണിൽ പൊടിയിടാൻ നടത്തിയ കുഴിയടക്കലാണ് പ്രഹസനമായത്.
റോഡിൽ ടാറിംഗ് നടത്തേണ്ട ഭാഗങ്ങൾ കൃത്യമായി അടയാളപ്പെടുത്തി നൽകിയിട്ടും കരാറുകാർ നിർദേശങ്ങൾ പാലിക്കാൻ തയാറാവുന്നില്ലെന്നും ഇപ്പോൾ നടത്തിയ കുഴിയടക്കൽ കൂടുതൽ അപകടം വരുത്തി വയ്ക്കുന്നതാണെന്നും പ്രവൃത്തിക്ക് മേൽനോട്ടം വഹിച്ച കെഎസ്ടിപി ഉദ്യോഗസ്ഥർ പറയുന്നത്.
