ന്യൂഡൽഹി: കേരളം അടക്കം നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9ന് നടക്കും. മേയ് 4ന് വോട്ടെണ്ണൽ. പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കേരളത്തിനൊപ്പം തന്നെയാണ് നടക്കുന്നത്.
ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു.
മാർച്ച് 16-നാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക. മാർച്ച് 23-ന് ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തിയതി. സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂഷ്മപരിശോധന മാര്‍ച്ച് 24-ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുളള അവസാന തിയതി മാര്‍ച്ച് 26ന്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ സന്ദർശിച്ച് തെരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്തിയെന്നും തീവ്ര വോട്ടർപട്ടിക പരിഷ്കരണം വിജയകരമായി പൂർത്തിയാക്കിയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
