കൊച്ചി: സംസ്ഥാനത്ത് എല്‍പിജി ക്ഷാമം മുതലെടുത്ത് പണം തട്ടുന്ന സംഘങ്ങള്‍ സജീവമാകുന്നു. ഇവര്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി സൈബര്‍ പോലീസ് രംഗത്തെത്തി.
ഗ്യാസ് സിലിണ്ടറുകളുടെ കുറവ് കാരണം പലരും എല്‍പിജി ബുക്ക് ചെയ്യാന്‍ ഓണ്‍ലൈനില്‍ അടിയന്തിരമായി അന്വേഷിക്കുന്ന സാഹചര്യമാണ് നിലവിലുളളത്.
ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പുകാര്‍ എസ്എംഎസ്, വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി വേഗത്തില്‍ എല്‍പിജി ലഭ്യമാക്കാമെന്ന് പറഞ്ഞ് വ്യാജ ലിങ്കുകള്‍ അയയ്ക്കുകയാണ്. ‘ഇമ്മീഡിയറ്റ് ഗ്യാസ് സിലിണ്ടര്‍ ഡെലിവറി’ ‘എമര്‍ജന്‍സി എക്സ്ട്രാ സിലിണ്ടര്‍ സപ്ലൈ’ എന്നീ തലക്കെട്ടുകളോടെയാണ് സമൂഹമാധ്യമങ്ങളില്‍ തട്ടിപ്പുകാരുടെ രംഗപ്രവേശം.
ബുക്ക് ചെയ്ത് മുന്‍കൂര്‍ പണമടച്ചാല്‍ ഉടന്‍ സിലിണ്ടര്‍ വീട്ടിലെത്തിക്കുമെന്നാണ് പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്ന്. അതിവേഗം എക്സ്ട്രാ സിലിണ്ടര്‍ നല്‍കാമെന്നും വാഗ്ദാനവുമുണ്ട്.
താല്‍പ്പര്യമുണ്ടെന്ന് വാട്സാപ്പില്‍ മറുപടി നല്കിയാല് പിന്നെ പണം അടയ്ക്കാനുള്ള ലിങ്ക് അയച്ചുതരും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ തട്ടിപ്പുകാരന്റെ എപികെ ഫയല്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാളാകും. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരന്റെ കൈയിലാകും. എസ്എംഎസ് വഴിയും ഇത്തരം അജ്ഞാത ലിങ്കുകള്‍ നല്‍കിയാണ് തട്ടിപ്പ്. പണമടച്ചാല്‍ പിന്നെ തട്ടിപ്പുകാര്‍ മുങ്ങും.
ലിങ്കില്‍ ക്ലിക്ക് ചെയ്യല്ലേ….
ഇത്തരത്തിലുള്ള സംശയാസ്പദമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം. അല്ലെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടാം. നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് തട്ടിപ്പുസംഘം കൈക്കലും ആക്കും.
സൈബറിടത്ത് സുരക്ഷിതമാകാം
സംശയകരമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യരുത്
ബാങ്ക് വിവരങ്ങളോ ഒടിപിയോ ആരുമായും പങ്കിടരുത്
എസ്എംഎസ് അല്ലെങ്കില്‍ വാട്സ്ആപ്പ് വഴി ലഭിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്
എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യുന്നത് അധികൃത ഗ്യാസ് ഏജന്‍സി ആപ്പുകളിലൂടെയോ വെബ്സൈറ്റുകളിലൂടെയോ മാത്രം നടത്തുക.
- സ്വന്തം ലേഖിക
