ഗെയിം കളിക്കാൻ പ്രായ വ്യത്യാസങ്ങൾ ഇല്ലെന്ന് പറയുന്നത് സത്യമാണ്. ഒന്നു തുടങ്ങി വച്ചാൽ പിന്നൊരുതരം ഭ്രാന്താണ് ഗെയിമുകളോട്. ഇൻസ്റ്റാഗ്രാമിലെ ‘Indian Gaming Mom’എന്ന അക്കൗണ്ടിലൂടെ തന്റെ ഗെയിമിംഗ് വീഡിയോകൾ പങ്കുവച്ച് ഒരു ഇന്ത്യൻ വീട്ടമ്മ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരമായി മാറിയിരിക്കുകയാണ്.
പ്ലേസ്റ്റേഷൻ 5-ൽ ഒരു ഭീമൻ മണൽ രാക്ഷസനോട് മല്ലിട്ട് വിജയിച്ച അമ്മയാണ് വീഡിയോയുടെ ഹൈലൈറ്റ്. “അമ്മ വിശ്രമിക്കുകയോ അല്ലെങ്കിൽ അടുക്കളയിൽ എന്തെങ്കിലും ജോലിയിലോ ആണെന്നാണ് ഞങ്ങൾ കരുതിയത്, പക്ഷേ, സത്യത്തിൽ നഗരത്തെ രക്ഷിക്കുന്ന തിരക്കിലായിരുന്നു അമ്മ” എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവച്ചത്.
ഗെയിമിംഗിനോടുള്ള ഈ ആവേശം ഇവരുടെ വീട്ടിലെ സാഹചര്യങ്ങളെപ്പോലും മാറ്റിമറിച്ചിരിക്കുകയാണ്. ഇപ്പോൾ പുതിയ ഗെയിമുകൾ വാങ്ങിത്തരാൻ അവർ മകനോട് ആവശ്യപ്പെടാറുണ്ട്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പ്രായമൊക്കെ വെറും സംഖ്യ മാത്രമാണ് എന്നാണ് പലരും പറഞ്ഞത്. ഇത്രയും പ്രായമായിട്ടും അമ്മയുടെ ആവേശം തെല്ലും കുറഞ്ഞിട്ടില്ലല്ലോ എന്നാണ് മിക്ക ആളുകളും കമന്റ് ചെയ്തത്.
