ചൂട് കനക്കുന്നതോടെ പഴങ്ങൾക്കുള്ള ഡിമാൻഡ് വളരെ വലുതാണ്. പ്രത്യേകിച്ച് തണ്ണിമത്തന്. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറയുന്ന പോലെയാണ് തണ്ണിമത്തനും. വിശപ്പും മാറും ദാഹവും മാറും. വിവിധ തരം തണ്ണിമത്തനുകൾ വിപണിയിൽ സുലഭമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു തണ്ണിമത്തൻ കഥയാണ് വൈറലാകുന്നത്.
തണ്ണിമത്തൻ വാങ്ങി വീട്ടിലേക്ക് എത്തിയ യുവാവ് കഴിക്കാനായി അത് മുറിച്ച് നോക്കിയപ്പോൾ ഞെട്ടിപ്പോയി. ഉടൻതന്നെ അതിന്റെ വീഡിയോ അയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വാങ്ങിവന്ന് അൽപം സമയം ഫ്രിഡ്ജിൽ വച്ചിരുന്നു. പിന്നീട് അത് മുറിച്ച് നോക്കാനായി എടുത്തപ്പോൾ പുറംതൊലി പ്ലാസ്റ്റിക് പോലെ ഇളകി വരുന്നത് കണ്ടു. പുറം പാളി പേപ്പറോ പെയിന്റോ പോലെ അടർന്നു വീഴാൻ തുടങ്ങി.
ഉടൻതന്നെ ഇതിന്റെ വീഡിയോ എടുത്ത് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഭക്ഷണമെന്ന പേരിൽ നമ്മൾ കഴിക്കുന്നത് രാസ വസ്തുക്കളാണോ എന്നാണ് യുവാവ് ചോദിക്കുന്നത്. അയാളുടെ വീഡിയോ പെട്ടെന്ന്തന്നെ വൈറലായി. അതോടെ ധാരാളം ആളുകൾ കമന്റുമായി എത്തി. റഫ്രിജറേറ്ററിൽ ഒരു തണ്ണിമത്തൻ സൂക്ഷിക്കുകയും പിന്നീട് പെട്ടെന്ന് ചൂടുള്ള അന്തരീക്ഷത്തിലേക്ക് മാറ്റുകയും ചെയ്യുമ്പോൾ, താപനില വ്യതിയാനം മൂലം അതിന്റെ നേർത്ത പുറം പാളി വേർപെട്ട് പോകാൻ കാരണമാകുമെന്ന് ചിലർ പറഞ്ഞു.
