വാഹനങ്ങളിലുള്ളപലതരം അഭ്യാസങ്ങൾ കാണിച്ചുകൊണ്ടുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. വീണ്ടുമിതാ അത്തരമൊരു വീഡിയോ ആണ് ചർച്ച ആകുന്നത്. ബെംഗളൂരു നഗരഹൃദയത്തിലെ എംജി റോഡിലാണ് സംഭവം.
നാല് വശത്ത് നിന്നും റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനിൽ KA 05 NR 0009 എന്ന നമ്പറിലുള്ള ലംബോർഗിനി കാറിലെത്തിയ യുവാവ് അവിടെവച്ച് കാർ വട്ടം കറക്കുകയും അമിതവേഗതയിൽ ഓടിക്കുകയും ചെയ്തു. ഇത് ശരിക്കും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായിരുന്നു.
ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് കബ്ബൺ പാർക്ക് ട്രാഫിക് പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് സെക്ഷൻ 281, മോട്ടോർ വാഹന നിയമം സെക്ഷൻ 184 വകുപ്പുകളാണ് ഉടമയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബംഗളൂരു പോലീസ്.
‘mParivahan’ ആപ്പിൽ ഈ നമ്പറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. അതിനാൽ വാഹനം രജിസ്റ്റർ ചെയ്യാത്തതാണോ അതോ വ്യാജ നമ്പർ പ്ലേറ്റ് ആണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
വീഡിയോ വൈറലായതോടെ യുവാവിനെതിര് ധാരാളം ആളുകൾ രംഗത്തെത്തി. ഇയാൾക്ക് മേലിൽ ഇനി വണ്ടി ഓടിക്കാൻ സാധിക്കാത്ത തരത്തിൽ ലൈസൻസ് റദ്ദ് ചെയ്യണമെന്നാണ് മിക്ക ആളഉകളും പറഞ്ഞത്.
