കൊച്ചി: മദ്യലഹരിയില്‍ അച്ഛനെ മര്‍ദിച്ച മകന് അറസ്റ്റില്‍. എറണാകുളം വല്ലാര്‍പാടം ജൂതനടപ്പ് സ്വദേശി പ്രബീണിനെയാണ് (45) മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്. മകന്റെ ക്രൂര മര്‍ദനത്തില്‍ പരിക്കേറ്റ അച്ഛന് പുരുഷോത്തമന്(77) ചികിത്സയിലാണ്. വീട്ടിലിരുന്ന് മദ്യപിച്ചതിനെ അച്ഛന് ചോദ്യം ചെയ്തതാണ് മര്‍ദിക്കാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.
അച്ഛനെ മര്‍ദിക്കുന്നത് കണ്ട് പിടിച്ച് മാറ്റാന്‍ ശ്രമിച്ച അമ്മയേയും സഹോദരിയേയും ഇയാള്‍ അസഭ്യം പറഞ്ഞു. പോലീസില്‍ വിവരം അറിയിച്ചതോടെ ഇയാള്‍ സ്ഥലംവിട്ടു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് മുളവുകാട് നിന്ന് പ്രതി അറസ്റ്റിലായത്. പുരുഷോത്തമന്റെ പരാതിയില്‍ മര്‍ദനം, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പ്രബീണിനെതിരെ പോലീസ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ വര്‍ഷം പുരുഷോത്തമന്റെ തലയ്ക്കടിച്ചതിന് പ്രവീണിനെതിരേ പോലീസ് കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ഇയാള്‍ മദ്യലഹരിയില്‍ ചെയ്തതാണെന്ന് സഹോദരിയും അച്ഛനും പറഞ്ഞു. അവര്‍തന്നെ പ്രവീണിനെ ജാമ്യത്തിലിറക്കുകയും ചെയ്തു. തുടര്‍ന്നും പല തവണ കേസെടുത്തെങ്കിലും സഹോദരിയും അച്ഛനും പറഞ്ഞതിനെത്തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.
ഇത്തരം സംഭവം പതിവായതോടെ മുളവുകാട് പോലീസ് വിഷയം ആര്‍ഡിഒയ്ക്ക് റിപ്പോര്‍ട്ടായി നല്കി. ആര്‍ഡിഒ നടത്തിയ ഹിയറിംഗില്‍ പ്രബീണ്‍ ബോണ്ട് വെക്കാതിരിക്കുകയും ഡീ അഡിക്ഷന് സെന്ററില്‍ ചികിത്സയ്ക്ക് പോകാന്‍ സമ്മതമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഡീഅഡിക്ഷന് സെന്ററിലെത്തി ചികിത്സ നടത്തി. എന്നാല്‍, അടുത്തിടെ വീണ്ടും മദ്യപാനം തുടരുകയും വീട്ടില്‍ പ്രശ്നമുണ്ടാക്കുകയുമായിരുന്നു.
