ആലപ്പുഴ: വലിയ മരം വാർഡ് കൊങ്ങിണി ചുടുകാട് ജംഗ്ഷനു സമീപമുള്ള തല്ലിമരം ഏതു നിമിഷവും നിലംപൊത്താം. മരത്തിന്റെ ചുവട്ടിൽ തീപിടിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് തീയണച്ചെങ്കിലും മരത്തിന്റെ അടിവശം പൊള്ളയായതിനാൽ ഏതു നിമിഷവും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്.
സമീപത്തെ വീടുകളിലും റേഷൻഷോപ്പിലും വൈദ്യുതി ലൈനിലും വീണ് അപകടമുണ്ടാകാം. മരം കത്തുന്ന വിവരമറിഞ്ഞ്, വാർഡ് കൗൺസിലർ ഷംനാ മൻസൂർ ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെ ത്തുടർന്ന് ഫയർഫോഴ്സ് ഏറെനേരം പണിപ്പെട്ടാണ് വെള്ളം മരത്തിന്റെ പൊള്ളയായ ഭാഗത്ത് പമ്പ് ചെയ്ത് തീയണച്ചത്.
മരം വെട്ടി അപകടാവസ്ഥ ഒഴിവാക്കണമെന്ന് കൗൺസിലർ അഭ്യർഥിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പാണ് അതു ചെയ്യേണ്ടതെന്നു പറഞ്ഞ് ഫയർഫോഴ്സ് പോകുകയായിരുന്നു.
നഗരസഭാ ആരോഗ്യ വിഭാഗം ഉദ്ധ്യോഗസ്ഥർ സ്ഥലത്തെത്തി പൊതുമരാമത്ത് വകുപ്പിനെ രേഖാമൂലം അറിയിക്കാമെന്നു പറഞ്ഞെങ്കിലും നടപടിയൊന്നുമായില്ല.
