കോൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ അതിർത്തികൾ വേലിക്കെട്ടി തിരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബംഗാളിലെ മുർഷിദാബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നുഴഞ്ഞുകയറ്റം ബംഗാളിന്റെ ജനസംഖ്യാപരമായ ഘടനയെ മാറ്റുകയാണ്. ബിജെപി അധികാരത്തിൽ വന്നാൽ അതിർത്തികൾ വേലി കെട്ടി അടയ്ക്കും. നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റം തടയാൻ തൃണമൂൽ കോൺഗ്രസ് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അവർ ഇത് പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരെയുണ്ടായ അക്രമങ്ങളെ പരാമർശിച്ച അദ്ദേഹം, ബംഗാളിലെ സ്ത്രീകളുടെ മാനം സംരക്ഷിക്കാൻ മമതാ സർക്കാരിന് കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തി. പശ്ചിമബംഗാളും ബംഗ്ലാദേശും തമ്മിൽ 2,217 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്. ഇതിൽ വലിയൊരു ഭാഗം ഇപ്പോഴും തുറന്നുകിടക്കുകയാണ്.
ഇത് നുഴഞ്ഞുകയറ്റത്തിനും കള്ളക്കടത്തിനും വഴിയൊരുക്കുന്നു എന്നാണ് ബിജെപിയുടെ വാദം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അതിർത്തി സുരക്ഷയും നുഴഞ്ഞുകയറ്റവും പ്രധാന പ്രചാരണ ആയുധമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രിയുടെ ഈ സുപ്രധാന പ്രഖ്യാപനം
