ഗുരുഗ്രാമിലെ 25 വയസ്സുകാരനായ ഒരു പ്രൊഡക്റ്റ് മാനേജർ തന്റെ പ്രതിമാസ ചെലവുകളുടെ (90,000 രൂപ) വിശദമായ കണക്കുകൾ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. യുവ പ്രൊഫഷണലുകളുടെ ജീവിതച്ചെലവ് എത്രത്തോളമാണെന്ന് ശിവങ്ക് ഗോയൽ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ആഡംബര ജീവിതം നയിക്കാതിരുന്നിട്ടും ദൈനംദിന ആവശ്യങ്ങൾക്കായി ഇത്രയധികം പണം എങ്ങനെ ചെലവാകുന്നു എന്നാണ് അദ്ദേഹം ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
താമസിക്കുന്ന 2 ബിഎച്ച്കെ വീടിന് വാടകയായി 18,000 രൂപയും, വീട്ടുജോലിക്കാരന് 2,000 രൂപയും, വൈദ്യുതി ബില്ലായി 1,000 രൂപയും പ്രതിമാസം നല്കുന്നു. വൈഫൈ, സബ്സ്ക്രിപ്ഷനുകൾ, ഫോൺ ബില്ലുകൾ എന്നിവയ്ക്കായി ഏകദേശം 3,000 രൂപ ചെലവാകുന്നു. ജോലിസ്ഥലത്തുനിന്ന് യാത്രയ്ക്കും പ്രവൃത്തിദിവസങ്ങളിലെ ഭക്ഷണത്തിനും സൗകര്യം ലഭിക്കുന്നതിനാൽ ഇതിനായി അദ്ദേഹം പണം ചെലവാക്കുന്നില്ല. പലചരക്ക് സാധനങ്ങൾക്കും പ്രോട്ടീൻ പൗഡർ പോലുള്ള സപ്ലിമെന്റുകൾക്കുമായി 5,000 രൂപ മാറ്റിവെക്കുന്നു. സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി പ്രതിമാസം 20,000 രൂപ എസ്ഐപി വഴി നിക്ഷേപിക്കുന്നുണ്ട്.
മറ്റ് ചില ചെലവുകളാണ് ബില്ല് ഉയർത്തുന്നത്. ഒരു യാത്രയ്ക്കായി 30,000 രൂപയും, അലക്ക് , ഷോപ്പിംഗ്, രാത്രികാലങ്ങളിലെ ഓൺലൈൻ ഓർഡറുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്കായി 10,000 രൂപയും ചെലവാക്കേണ്ടിവരുന്നു. ഇതെല്ലാം ചേർത്ത് പ്രതിമാസം 90,000 രൂപയാണ് കൈയിൽ നിന്ന് പോകുന്നത്. പാർട്ടികൾക്കോ ആഡംബര വിനോദങ്ങൾക്കോ പോകാത്ത എനിക്ക് ഇത്രയും വലിയൊരു തുക ചെലവാകുന്നത് പേടിപ്പെടുത്തുന്ന കാര്യമാണ്. നഗരങ്ങളിലെ മുതിർന്നവരുടെ ജീവിതം എന്നത് വലിയൊരു ബില്ല് പോലെയാണ്,” എന്ന് അദ്ദേഹം കുറിച്ചു.
