കോളജ് പഠനമൊക്കെ കഴിഞ്ഞ് ജോലിക്കായി കയറുന്പോൾ അത്യധികം നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ജോലി സ്ഥലത്ത് അമിതമായി സൗഹൃദം കാത്ത് സൂക്ഷിക്കരുതെന്ന് പറയുന്നത് കൃത്യമായി പാലിക്കേണ്ട ഒന്നാണ്. കാരണം എപ്പോഴാണ് പണി വരിക എന്ന് ആർക്കും പ്രവചിക്കാൻ സാധ്യമല്ല.
അതുപോലെതന്നെയാണ് ജോലി സ്ഥലങ്ങളെ ഒരിക്കലും അമിതമായി വിശ്വസിക്കുകയോ, സ്നേഹിക്കുകയോ ചെയ്യരുതെന്നും പറയാറുണ്ട്. അത് വെളിവാക്കുന്നൊരു ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
ഒരു ജെൻ സി യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നോട്ടീസ് പിരീഡിൽ തനിക്ക് നേരിടേണ്ടി വന്ന അമിതമായ ജോലിഭാരത്തെ കുറിച്ചാണ് യുവാവ് കുറിച്ചിരിക്കുന്നത്.
തന്റെ അനുഭവത്തിൽ നിന്ന് പഠിച്ച പ്രധാനപ്പെട്ട രണ്ട് പാഠങ്ങളും യുവാവ് പങ്കുവയ്ക്കുന്നുണ്ട്: ‘ജോലിസ്ഥലത്ത് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒരാളാകരുത് – പാഠം ഒന്ന്’, ‘ഒരിക്കലും ജോലിയോട് പ്രണയത്തിലാകരുത് – പാഠം രണ്ട്’ എന്നാണ് യുവാവ് പറയുന്നത്.
തന്റെ പ്രയത്നങ്ങൾക്ക് കമ്പനിക്കുള്ളിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് തോന്നുമ്പോഴും, മുൻപ് ലഭിച്ച മെന്റർഷിപ്പിനെയും തനിക്ക് ലഭിച്ച എക്സ്പോഷറിനെയും കുറിച്ച് യുവാവ് നന്ദിയോടെയാണ് പറയുന്നത്.
ഇയാളുടെ കുറിപ്പ് പങ്കുവച്ചതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. മനുഷ്യനെ ചൂഷണം ചെയ്യുന്നത് ഒരിക്കലും അനുവദിച്ച് കൊടുക്കരുതെന്നാണ് പലരും യുവാവിനോട് പറഞ്ഞത്.
