അമേരിക്കൻ യാത്രയ്ക്കിടയിൽ ഇന്ത്യൻ രൂപയിൽ പണം ചെലവാക്കുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് ആകൃതി പാണ്ഡെ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.ഓരോ ചെറിയ ചെലവുകളും ഡോളറിൽ നിന്ന് രൂപയിലേക്ക് മാറ്റിക്കണക്കാക്കുന്നത് യാത്രയെ അങ്ങേയറ്റം ദുരിതപൂർണമാക്കി എന്നാണ് ആകൃതി പറയുന്നത്.
ഒരു യുഎസ് ഡോളറിന്റെ മൂല്യം 93 മുതൽ 95 രൂപ വരെയായി ഉയർന്ന സാഹചര്യത്തിൽ, അമേരിക്കൻ യാത്ര തന്റെ ജീവിതത്തെക്കുറിച്ച് തന്നെ പുനർചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് അവർ തമാശരൂപേണ പറഞ്ഞു.
യാത്രയ്ക്കിടയിലെ ഗതാഗത സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചും അവർ വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. അർദ്ധരാത്രിയിൽ വിമാനമിറങ്ങിയ തനിക്ക് ഹോട്ടലിലെത്താൻ മാത്രം 67 ഡോളർ ചെലവാക്കേണ്ടി വന്ന അനുഭവം അവർ പങ്കുവെച്ചു.
ഒരു സാധാരണ കാപ്പിക്ക് പോലും 3-4 ഡോളർ നൽകണമെന്നും, ബേ ഏരിയയിൽ മൂന്ന് ദോശ കഴിച്ചപ്പോൾ ഏകദേശം 5,300 ഇന്ത്യൻ രൂപ (57 ഡോളർ) ചെലവായെന്നും അവർ ചൂണ്ടിക്കാട്ടി. വിദേശത്ത് ചെലവാക്കുന്ന പണം ഇന്ത്യൻ രൂപയിലേക്ക് മാറ്റിക്കണക്കാക്കരുത് എന്ന് പറയുന്നവരോട്, രൂപയിൽ ശമ്പളം വാങ്ങുന്ന ഒരാൾക്ക് അത് എങ്ങനെ സാധിക്കുമെന്നും അവർ ചോദിക്കുന്നു. കമ്പനികളുടെ സ്പോൺസർഷിപ്പ് ഇല്ലാതെ സ്വന്തം പണം ചെലവാക്കി അമേരിക്കയിൽ യാത്ര ചെയ്യുന്നത് വലിയ സാമ്പത്തിക ഉത്കണ്ഠയ്ക്ക് കാരണമാകുന്നുവെന്നാണ് ആകൃതിയുടെ നിരീക്ഷണം.
