അമ്പലപ്പുഴ: റെയിൽവേ സ്റ്റേഷൻ വളപ്പിൽ അപകടഭീഷണിയിൽ നിൽക്കുന്ന തണൽമരം യാത്രക്കാരുടെ ജീവനു ഭീഷണിയാകുന്നു. റെയിൽവേ സ്റ്റേഷന്റെ തെക്ക് ഭാഗത്തുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിനരികിലാണ് തണൽമരം അപകടാവസ്ഥയിൽനിൽക്കുന്നത്.
ഇത് വെട്ടിമാറ്റണമെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാരും യാത്രക്കാരും സമീപവാസികളും റെയിൽവേ അധികൃതരോട് പലതവണ പരാതി പറഞ്ഞതാണ്.
ഇവിടെ നിരവധി ഓട്ടോറിക്ഷകളാണ് കിടക്കുന്നത്. ചുവട് ദ്രവിച്ചിരിക്കുന്നതിനാൽ ഏതു നിമിഷവും മരം നിലം പൊത്തുമെന്ന അവസ്ഥയാണ്. ഇനി മഴക്കാലം ആരംഭിച്ചാൽ മരം വീണ് വലിയ അപകടമുണ്ടാകുമെന്ന ആശങ്കയിലാണ് യാത്രക്കാരും സമീപവാസികളും.
ഇത് കണക്കിലെടുത്ത് അടിയന്തരമായി മരം വെട്ടിമാറ്റാൻ റെയിൽവേ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
