കൊച്ചി: എന്‍ഡിഎഫ് പ്രവര്ത്തകന് ഫസല്‍ വധക്കേസിലെ രക്തം പുരണ്ട തൂവാല കാണാതായതില്‍, കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി റിപ്പോര്‍ട്ട് തേടി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സിജെഎം) കോടതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്വേഷണം ഉള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് സിബിഐ കോടതി വ്യക്തമാക്കി.
തൂവാല എറണാകുളം സിജെഎം കോടതിയുടെ കസ്റ്റഡിയില്‍ നിന്നാണ് കാണാതായത്. കവറില്‍ സൂക്ഷിച്ചിരുന്ന തൂവാലകള്‍ എലികള്‍ കൊണ്ടുപോയി എന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്. കേസില്‍ വിചാരണ നടത്തുന്ന സിബിഐ കോടതി തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്, തെളിവായ തൂവാല നഷ്ടമായ കാര്യം പുറത്തുവന്നത്.
പ്രോസിക്യൂഷന്റെ വാദം അനുസരിച്ച്, ആ തൂവാല കേസില്‍ വളരെ നിര്‍ണായകമായ ഒരു തെളിവായിരുന്നു. കൊലപാതകത്തിന് ശേഷം, ആര്‍എസ്എസ് പ്രവര്‍ത്തകരെ ഈ കേസില്‍ കുടുക്കാന്‍ വേണ്ടി അണ്ടല്ലൂരിലെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനടുത്ത് ഇത് കൊണ്ടുപോയി ഇട്ടതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നത്.
കാരായി രാജന് എംഎല്‍എ, കാരായി ചന്ദ്രശേഖരന് തുടങ്ങിയ പ്രമുഖ സിപിഎം നേതാക്കല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട കേസില്‍, നിര്‍ണായക തെളിവ് അപ്രത്യക്ഷമായത് അതീവ ഗൗരവമുള്ള ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന കുറ്റമാണ് സിപിഎം നേതാക്കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
