തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികന്റെ നിലഗുരുതരാവസ്ഥയിൽ. പാങ്ങോട് വേട്ടമുക്ക് കട്ടച്ചൽ റോഡിൽ കെആർഡബ്ല്യുഎ 192ൽ ചന്ദ്രനാണ് (69) അതിഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ചന്ദ്രന്റെ കണ്ണിലും ചുണ്ടിലും മൂക്കിലുമാണ് കടിയേറ്റത്. കൺപോള പൂർണമായും നായ കടിച്ചെടുത്തിരുന്നു. ഇയാൾക്ക് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ വീടിന് മുന്നിലാണ് സംഭവം. പാൽ വാങ്ങാൻ ഗേറ്റ് കടന്ന് പുറത്തിറങ്ങിയതാണ് ചന്ദ്രൻ. ഇതിനിടെ ഇവിടേയ്ക്ക് പാഞ്ഞെത്തിയ നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു. മറ്റ് മൂന്ന് പേരെക്കൂടി നായ്ക്കൾ ആക്രമിച്ചെങ്കിലും ഇവരുടെ ആരുടെയും പരിക്ക് സാരമുള്ളതല്ല.
