2023ലെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചുള്ള രസകരമായ ഓർമ്മകൾ തന്റെ പുതിയ പുസ്തകത്തിൽ പങ്കുവെച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. താൻ എത്തിയപ്പോൾ ന്യൂഡൽഹിയിലെ റോഡുകളിൽ ഉടനീളം തന്റെ പുഞ്ചിരിക്കുന്ന ചിത്രമുള്ള സ്വാഗത ബോർഡുകൾ സ്ഥാപിച്ചിരുന്നതായും, മടങ്ങിപ്പോകുമ്പോൾ നന്ദി അറിയിച്ചുകൊണ്ടുള്ള ബോർഡുകൾ വെച്ചിരുന്നതായും അവർ പറയുന്നു. പ്രമുഖ മാധ്യമപ്രവർത്തകൻ അലസ്സാൻഡ്രോ സല്ലുസ്തിയുമായുള്ള സംഭാഷണങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ “ജോർജിയാസ് വിഷൻ” എന്ന പുസ്തകത്തിലാണ് അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
തന്റെ സന്ദർശന വേളയിൽ കൂടെയുണ്ടായിരുന്ന ഇറ്റലിയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി അന്റോണിയോ താജാനി ഇതിനെക്കുറിച്ച് തമാശ രൂപേണ പറഞ്ഞ കാര്യവും മെലോനി പുസ്തകത്തിൽ കുറിച്ചിട്ടുണ്ട്. ഇത്രയധികം പോസ്റ്ററുകൾ ഉള്ള സ്ഥിതിക്ക്, നിങ്ങൾ ന്യൂഡൽഹിയിലെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കുകയാണെങ്കിൽ ചുരുങ്ങിയത് ഒരു ലക്ഷം വോട്ടുകളെങ്കിലും ഉറപ്പായും നേടും.
2023ൽ രണ്ട് തവണയാണ് മെലോനി ഇന്ത്യ സന്ദർശിച്ചത്; മാർച്ചിൽ റൈസിന ഡയലോഗിലും സെപ്റ്റംബറിൽ ജി20 ഉച്ചകോടിയിലും പങ്കെടുക്കാനായിരുന്നു ഇത്.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന മെലോനിയെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ സ്നേഹത്തോടെ “മെലോഡി” എന്നാണ് വിളിക്കാറുള്ളത്. ഔദ്യോഗികമായ കർക്കശമായ ചട്ടക്കൂടുകൾക്കപ്പുറം, നേതാക്കളുമായി വ്യക്തിപരമായ ഒരു ആത്മബന്ധം സ്ഥാപിക്കുന്നത് നയതന്ത്രത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പുസ്തകത്തിലെ ഒരു അധ്യായത്തിൽ അവർ നിരീക്ഷിക്കുന്നു.
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, ജി7 ഉച്ചകോടിക്കിടെ മെലോനിയുടെ മകൾ ജിനേവ്രയ്ക്കായി ഒരു വലിയ ‘ഹലോ കിറ്റി’ ബൊമ്മ സമ്മാനമായി അദേഹം നല്കിയതിനെക്കുറിച്ചും അതിപോലെ മറ്റ് അനുഭവങ്ങളും മെലോണി പങ്കുവയ്ക്കുന്നുണ്ട്. നേതൃത്വം, ദേശീയ ഐഡന്റിറ്റി, കുടുംബം, വിശ്വാസം, പാശ്ചാത്യ സംസ്കാരത്തിന്റെ ഭാവി എന്നിവയെക്കുറിച്ചുള്ള വിപുലമായ ചർച്ചകളാണ് ഈ പുസ്തകം മുന്നോട്ട് വെക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ആണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്. രൂപ പബ്ലിക്കേഷൻസ് പുറത്തിറക്കിയിരിക്കുന്നത്.
