ഒരു എഴുത്തുകാരൻ പേനകൊണ്ട് പേജിൽ തീർക്കുന്ന വിസ്മയം പോലെയാണ് ഒരു താരം പന്തുകൊണ്ട് മൈതാനത്ത് തീർക്കുന്നത്. അടുത്ത നിമിഷത്തിൽ എന്ത് സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല എന്നതാണ് ഫുട്ബോളിന്റെ ഏറ്റവും വലിയ സൗന്ദര്യം – ഈ പറഞ്ഞത് മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ.
അക്ഷരങ്ങളെ സ്നേഹിച്ച പോലെ തന്നെ അദ്ദേഹം കോഴിക്കോടിന്റെ ആത്മാവായ ഫുട്ബോളിനെയും ഹൃദയത്തോട് ചേർത്തു പിടിച്ചിരുന്നു.
മഴ പെയ്തു തോർന്ന നാട്ടുമ്പുറത്തെ ചെളിമണ്ണിലും, കരിയിലകൾ വടിച്ചുകൂട്ടിയ പറമ്പുകളിലും, ആവേശം തിരയടിക്കുന്ന സെവൻസ് മൈതാനങ്ങളിലും മലയാളി നെഞ്ചിലേറ്റിയ ഒരു വികാരമുണ്ട്…
ഫുട്ബോൾ. കേവലം തൊണ്ണൂറ് മിനിറ്റിലെ കളി എന്നതിനപ്പുറം മലയാളിക്ക് ഫുട്ബോൾ ഒരു ജീവിതരീതിയാണ്. മൈതാനത്തെ ഈ കാൽപന്ത് ആവേശം മലയാള സാഹിത്യത്തിന്റെ താളുകളിലേക്ക് മനോഹരമായി പാസ് ചെയ്യപ്പെട്ടപ്പോൾ പിറന്നത് എക്കാലവും സൂക്ഷിച്ചുവയ്ക്കാനുള്ള കഥയും കവിതയും കായിക ചരിത്രവും ഒക്കെയാണ്.
മലയാളത്തിൽ എം.ടി. ഉൾപ്പെടെ പല സാഹിത്യകാരന്മാരും തങ്ങളുടെ കൃതികളിൽ ഫുട്ബോൾ വളരെ മനോഹരമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. മലബാറിന്റെ ഫുട്ബോൾ പ്രേമം ഒരാളെ സാഹിത്യ കൃതികളിലും കാണികളെ എന്നപോലെ വായനക്കാരെയും ഹരം പിടിപ്പിച്ചിട്ടുണ്ട്. പുതിയ തലമുറയിലെ എഴുത്തുകാരും ഇക്കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല.
ഫുട്ബോൾ എന്ന കളിയെ വേറൊരു തലത്തിലേക്ക് പറിച്ചുനട്ട് ആ കളിക്ക് പുതിയ മാനങ്ങൾ കണ്ടെത്തി ഫുട്ബോളിന്റെ ഭാഷയെയും സാഹിത്യഭാഷയെയും കോർത്തിണക്കി കൊണ്ടുപോകാൻ എഴുത്തുകാർക്ക് പറ്റുന്നുണ്ട്. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ചെറുകഥയാണ് എൻ. പ്രഭാകരന്റെ പന്ത് കളിക്കാരൻ.
ഫുട്ബോൾ കളിക്കാരനായ ഒരു ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള സംഘർഷത്തിലൂടെയാണ് ഈ കൃതി ഒരു ഫുട്ബോൾ കളി നടക്കുന്ന മൈതാനത്തിന് അരികിലൂടെ എന്നപോലെ വായനക്കാരനെ കൊണ്ടുപോകുന്നത്.വടക്കൻ കേരളത്തിലെ ഒരു ഗ്രാമം. ഫുട്ബോൾ അവിടുത്തെ ജനങ്ങളുടെ ജീവശ്വാസമാണ്.ആ നാട്ടിലെ പ്രധാന കളിക്കാരൻ കളിക്കളത്തിലെ ഹീറോ പക്ഷേ ജീവിതത്തിൽ പരാജയപ്പെട്ടവനാണ്. കളിക്കാരന്റെ ഒറ്റപ്പെടലും നിസ്സഹായതയുമാണ് കഥയുടെ കാതൽ.
കളിക്കളത്തിൽ ആരവങ്ങളോടെ സ്വീകരിക്കപ്പെടുന്നവന്റെ ആഘോഷത്തിമർപ്പ് ജീവിതത്തിന്റെ ഒരു വശം മാത്രമാണ് ഈ കൃതിയിൽ. ആർക്കും ആരവങ്ങളും കൈയടികളും ഇല്ലാത്ത കളിക്കളത്തിന് പുറത്തേക്ക് ജീവിതത്തിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന ഇപ്പോൾ കളിക്കാരന്റെ അവസ്ഥ എൻ. പ്രഭാകരൻ ഹൃദയത്തിൽ തൊടുംവിധം വരച്ചിടുന്നു.
അക്ഷരങ്ങളുടെ കരുത്തിലുള്ള ഒരു പെനാൽറ്റി സ്ട്രൈക്ക്. കളിക്കാരൻ ഗോൾവല കുലുക്കുമ്പോൾ എഴുത്തുകാരൻ മനസിലെയും ഹൃദയത്തിലെയും ആസ്വാദനത്തിന്റെ ഗോൾ വല കുലുക്കുന്നു. എൻ. പ്രഭാകരന്റെ പന്തുകളിക്കാരൻ എന്ന കൃതിയിൽ കാസർകോട് ഭാഷ ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഫുട്ബോൾ കളിയുടെ താളം കഥയിലും ആസ്വദിച്ച് അനുഭവിച്ച് അറിയാം.
ആരാധനയും വിസ്മൃതിയും എത്ര പെട്ടെന്നാണ് മാറിമറിയുന്നത് എന്ന് ഫുട്ബോൾ ടച്ചുള്ള ഈ കൃതി കാണിക്കുന്നു. കളിക്കാരെ ഹീറോകളാക്കുകയും പിന്നെ ഉപേക്ഷിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ ഇരട്ടത്താപ്പ് പ്രഭാകരൻ എവിടെയൊക്കെയോ ചോദ്യം ചെയ്യുന്നുണ്ട്. ഇത് കാലത്തെ അതിജീവിക്കുന്ന കൃതി ആകുന്നത് ഇപ്പോഴും പ്രഭാകരൻ ഉന്നയിച്ച പല കാര്യങ്ങളും മാറ്റമില്ലാതെ തുടരുന്നത് കൊണ്ടാണ്. അസ്തിത്വ ദുഃഖം, കളി കഴിഞ്ഞുള്ള ശൂന്യത, വാർധക്യം, അപ്രസക്തമാകൽ ഇതെല്ലാം കഥയിൽ നൊമ്പരമാകുന്നു.
എൻ. പ്രഭാകരനും ഫുട്ബോളും തമ്മിൽ വളരെ നല്ല ബന്ധമുണ്ട് എന്ന് അദ്ദേഹത്തിന്റെ മറ്റു കൃതികളും കാണിച്ചു തരുന്നുണ്ട്. പന്ത് കളിക്കാരൻ എന്ന കൃതിക്ക് പുറമേ എൻ. പ്രഭാകരന്റെ കഥകളിൽ ഫുട്ബോൾ വീണ്ടും കടന്നുവരുന്നത് കാണാം. കറുത്ത കുതിര, മാർച്ച് തുടങ്ങിയ കഥകളിലെല്ലാം ഫുട്ബോൾ ഒരു ബിംബമാണ്. അത് ജീവിതത്തിന്റെ തന്നെ പ്രതീകമാകുന്നു. പാസിംഗും, ഡ്രിബ്ലിംഗും ഗോളും ഫൗളും എല്ലാം…
എൻ. പ്രഭാകരന്റെ പന്ത് കളിക്കാരൻ എന്ന കഥയിൽ പന്തുകളിയുടെ മൂഡ് മുഴുവൻ കൊണ്ടുവരുന്ന ഒരു മനോഹരമായ വാചകം ഉണ്ട് അതിങ്ങനെ – കളി കഴിഞ്ഞിട്ടും മൈതാനം വിട്ടുപോകാതെ, വിയർപ്പുണങ്ങിയ ജേഴ്സിയും ഇട്ട് പുല്ലിൽ കിടക്കുമ്പോൾ, ആകാശത്തേക്ക് നോക്കിയാൽ ഗോളടിക്കാൻ മറന്ന പന്തുകൾ നക്ഷത്രങ്ങളായി തിളങ്ങുന്നത് കാണാം. ഇതുപോലെ ഫുട്ബോളിനെ മനോഹരമായി പ്രഭാകരൻ ഫുട്ബോളിനോട് ചേർത്തുവയ്ക്കുന്നുണ്ട്.
മറ്റൊരു വാചകം ഇങ്ങനെയാണ് – അവൻ പന്ത് തട്ടിയിരുന്നത് കാലുകൊണ്ടല്ല, നെഞ്ചിടിപ്പുകൊണ്ടായിരുന്നു. അതുകൊണ്ടാണ് ഗാലറി ഒഴിഞ്ഞിട്ടും കളി നിലയ്ക്കാതിരുന്നത്.എൻ. പ്രഭാകരൻ പന്തുകളിയെ വെറും കളിയായി കണ്ടില്ല. അത് ജീവിതമായിരുന്നു, ഏകാന്തതയായിരുന്നു, ഓർമ്മയായിരുന്നു. കളിക്കളം വിട്ടിട്ടും കളിക്കാരനെ വിടാതെ പിന്തുടരുന്ന നൊമ്പരമാണ് ഈ കഥയുടെ ഭംഗി. മലബാർ മേഖലയിലെ രാഷ്ട്രീയവും ഫുട്ബോളിലൂടെ പറയുന്നുണ്ട് പ്രഭാകരൻ..
സക്കറിയ രചിച്ച പെനാൽറ്റി, പി.കെ. പാറക്കടവിന്റെ മൈതാനം, എൻ.എസ്. മാധവന്റെ ഹിഗ്വിറ്റ, ഷംസുദ്ദീൻ കുട്ടോത്തിന്റെ കിക്കോഫ്, ടി. പത്മനാഭന്റെ ഗോളി, സുഭാഷ് ചന്ദ്രന്റെ ഓഫ് സൈഡ്, സന്തോഷ് ഏച്ചിക്കാനത്തിന്റെ പതിനൊന്നാമൻ, എന്നിവയെല്ലാം ഫുട്ബോളുമായി ബന്ധപ്പെട്ടുള്ള മലയാളത്തിലെ സാഹിത്യ രചനകളാണ്. കഥയിലോ നോവലിലോ മാത്രമല്ല കവിതയിലും ഫുട്ബോൾ കടന്നു വന്നിട്ടുണ്ട് മലയാള സാഹിത്യത്തിൽ തന്റെ തനതായ ലളിതസുന്ദരമായ ശൈലിയിൽ, കുറിക്കു കൊള്ളുന്ന വരികളിലൂടെയാണ് കുഞ്ഞുണ്ണി മാഷ് ഫുട്ബോളിനെ വരച്ചുകാട്ടിയത്. അദ്ദേഹത്തിന്റെ പ്രശസ്തമായ ചില ഫുട്ബോൾ വരികൾ…
“ലോകം ഒരു ഫുട്ബോളാണ്, അതിനെ ചവിട്ടി ഉരുട്ടുന്നവരാണ് മനുഷ്യർ.’
മറ്റൊരു കുറുങ്കവിതയിൽ കളിയുടെ ആവേശത്തെ അദ്ദേഹം ഇങ്ങനെ അടയാളപ്പെടുത്തുന്നു:
“പന്തടക്കം വന്നവനേ
പന്തുകളിക്കാൻ ഒക്കൂ;
പന്തടക്കം വന്നവനേ
പാരിലിരിക്കാൻ ഒക്കൂ.”
തീക്ഷ്ണമായ ഭാഷയും ദാർശനിക ഭാവവുമുള്ള ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ഫുട്ബോൾ’ എന്ന കവിത വളരെ പ്രശസ്തമാണ്. മനുഷ്യജീവിതത്തിലെ അനിശ്ചിതത്വങ്ങളെയും വിധിയെയും കവി കളിക്കളവുമായി ബന്ധിപ്പിക്കുന്നു. മലയാളത്തിലെ സ്പോർട്സ് പത്രപ്രവർത്തകരിൽ കളി മൈതാനങ്ങളെയും കളിക്കാരെയും വളരെ അടുത്തറിഞ്ഞവർ പലരും പതിവ് റിപ്പോർട്ടിംഗ് വിട്ട് തങ്ങളുടെ അനുഭവങ്ങളും ഭാവനയും ചേർത്തുവെച്ച് മനോഹരമായ ഫുട്ബോൾ കഥകളും നോവലുകളും ജീവചരിത്രങ്ങളും മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.. സ്പോർട്സ് ജേണലിസ്റ്റ് ആയതുകൊണ്ട് തന്നെ ആവേശം ചോരാതെ രചനകൾ ഒരുക്കിയെടുക്കാൻ പ്രത്യേക കഴിവുണ്ട് ഇവർക്ക്.
മലയാളത്തിൽ മാത്രമല്ല ഇന്ത്യയിലെ പല ഭാഷകളിലും രൂപംകൊണ്ട സാഹിത്യകൃതികളിൽ ഫുട്ബോളിന് പ്രമുഖമായ സ്ഥാനമുണ്ട്. പ്രത്യേകിച്ച് കൊൽക്കത്തയിൽ നിന്നുള്ള ബംഗാളി സാഹിത്യത്തിൽ പല കൃതികളിലും ഫുട്ബോൾ പ്രധാന വിഷയമാണ്. ഇന്ത്യൻ ഫുട്ബോളിന്റെ ഈറ്റില്ലമായ ബംഗാളിൽ സാഹിത്യവും ഫുട്ബോളും തമ്മിൽ ആഴത്തിലുള്ള ബന്ധമാണുള്ളത്. മോഹൻ ബഗാൻ-ഈസ്റ്റ് ബംഗാൾ വൈരവും കൊളോണിയൽ കാലത്തെ ഫുട്ബോൾ പോരാട്ടങ്ങളും ബംഗാളി സാഹിത്യത്തിന് വിഷയമായിട്ടുണ്ട്.
ആസാം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മലനിരകളിൽ ഫുട്ബോൾ ജീവശ്വാസം പോലെയാണ്. അവിടുത്തെ പ്രാദേശിക ഭാഷകളിലെ കവിതകളിലും കഥകളിലും കളിക്കളത്തിലെ പോരാട്ടങ്ങൾ വലിയ തോതിൽ പ്രതിഫലിക്കാറുണ്ട്. ഗോവയുടെ ഔദ്യോഗിക കായികവിനോദമാണ് ഫുട്ബോൾ. ഗോവയിലെ തദ്ദേശീയ എഴുത്തുകാരുടെ കൊങ്കണി കഥകളിൽ ഗ്രാമീണ ഫുട്ബോൾ ടൂർണമെന്റുകളും അതുണ്ടാക്കുന്ന സാമൂഹിക ഒത്തുചേരലുകളും പ്രധാന പ്രമേയങ്ങളായി വരാറുണ്ട്.
- ഋഷി
