മൊറോക്കോയുമായുള്ള മത്സരത്തിനായി ഫോക്സ്ബറോയിലെ മൈതാനത്തിന് വെളിയിൽ ഫ്രഞ്ച് താരങ്ങൾക്കൊപ്പം വാം-അപ്പ് ചെയ്യുകയായിരുന്നു സൂപ്പർ താരം കിലിയൻ എംബാപ്പേ. ഇതിനിടെയാണ് ഗ്രൗണ്ടിന്റെ ഒരറ്റത്ത് ജർമൻ മീഡിയയ്ക്കു വേണ്ടി കളിയെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്ന മുൻ ലിവർപൂൾ പരിശീലകനും പുതിയ ജർമ്മൻ കോച്ചുമായ യൂർഗൻ ക്ലോപ്പിനെ എംബാപ്പെ കാണുന്നത്. അദ്ദേഹത്തിനരികിലേക്ക് ഓടിയെത്താൻ എംബാപ്പെയ്ക്ക് രണ്ടാമത് ഒന്നു ചിന്തിക്കേണ്ടി വന്നില്ല.
ഓടിച്ചെന്ന് ക്ലോപ്പിനെ കെട്ടിപ്പിടിച്ചുകൊണ്ട് യൂർഗൻ, അവിടെ ഗാലറിയിൽ എന്റെ അമ്മ ഇരിക്കുന്നുണ്ട്, ഗാലറിയാൻ ഇരുന്ന അമ്മയെ ചുണ്ടിക്കാട്ടി എംബാപ്പേ പറഞ്ഞു. അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ പറ്റാതെ പോയതിനെകുറിച്ചാകും എംബാപ്പേ അപ്പോൾ ചിന്തിച്ചിട്ടുണ്ടാവുക. അമ്മയെനോക്കി കൈ വീശി കാണിക്കുമ്പോൾ ക്ലോപ്പ് ശരിക്കും കാലത്തിനു പുറകോട്ട് സഞ്ചരിക്കുകയായിരുന്നു.
2017-ൽ എംബാപ്പെ മൊണാക്കോയിൽ കരിയർ വിസ്മയം തുടങ്ങിയ സമയം, അന്ന് ഇന്ന് കാണുന്ന സൂപ്പർ താരമായി എംബാപ്പെ വളർന്നിട്ടില്ല. ചെക്കന്റെ പൊട്ടൻഷ്യൽ കണ്ട് ലിവർപൂൾ എഫ്സിക്ക് അവനെ ടീമിലെത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. ഇതിഹാസ പരിശീലകൻ ക്ലോപ്പ് അൻഫീൽഡിനെ ഉടച്ചു വാർക്കുന്ന സമയത്ത് ഹെവി മെറ്റൽ ഫുട്ബോളിനു എംബാപ്പേ യോജിച്ചവനാണെന്ന് ക്ലോപ്പിന് ഉറപ്പുണ്ടായിരുന്നു. മെസിക്കും റൊണാൾഡോയ്ക്കും ശേഷം അടുത്ത വലിയ താരം എംബാപ്പെയാണെന്ന് എൽഎഫ്സിക്ക് ഉറപ്പുണ്ടായിരുന്നു.
താരത്തെ ലിവർപൂളിലെത്തിക്കാൻ ക്ലോപ്പ് വലിയ ശ്രമം നടത്തി. മറ്റാരും അറിയാതിരിക്കാൻ കാര്യങ്ങൾ അതീവ രഹസ്യമായിട്ടാണ് നടത്തിയത്. ക്ലോപ്പും ലിവർപൂൾ മാനേജ്മെന്റും ചേർന്ന് ഇതിനുവേണ്ടിയൊരു അതീവ രഹസ്യ ഓപ്പറേഷൻ പ്ലാൻ ചെയ്തു. ബ്ലാക്ക്പൂളിൽ നിന്നും നൈസിലേക്ക് അവർ ഒരു പ്രൈവറ്റ് ജെറ്റ് ചാർട്ടർ ചെയ്തു. എംബാപ്പെയും അദ്ദേഹത്തിന്റെ കുടുംബവും അവിടെവച്ച് അന്നാ വിമാനത്തിൽ കയറി. മാധ്യമങ്ങൾ ആരും കാണാതിരിക്കാൻ വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുക മാത്രമാണ് ചെയ്തത്! ആ ചർച്ച മണിക്കൂറുകൾ നീണ്ടു. ഏകദേശം 500 മില്യൺ യൂറോയോളം ഈ കൂടിക്കാഴ്ചയ്ക്കായി ചെലവിട്ടു.
എന്നാൽ, എല്ലാം ഏറെക്കുറേ ഡീൽ എന്ന് ഉറപ്പിച്ച സമയം. അമ്മയായ ഫായിസ ലാമരിക്ക് ലിവർപൂൾ ക്ലബ്ബിനോട് കടുത്ത ആരാധനയുണ്ട്. തന്റെ മകനെ റെഡ്സിലേക്ക് വിടാൻ ഏറ്റവും താൽപര്യം ആ അമ്മയ്ക്ക് തന്നെയായിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ എംബാപ്പെ എത്തിയത് പിഎസ്ജിയിലേക്ക്. അവിടെയെത്തി കരാറുമൊപ്പിട്ടു. ഫ്രഞ്ച് ക്ലബ് മുന്നോട്ട്വച്ച ഓഫറുകൾ എംബാപ്പേയ്ക്കും കുടുംബത്തിനും നിരസിക്കാനാവുന്നതായിരുന്നില്ല..
ലിവർപൂളിന്റെ ചരിത്രത്തിൽ ഒരു താരത്തെ ടീമിലെത്തിക്കാൻ വേണ്ടി നടത്തിയ ഏറ്റവും ചെലവേറിയ ‘നോൺ-ട്രാൻസ്ഫർ’ അതായത് ഒരു താരത്തെ കിട്ടാതെ പോയ ചർച്ച ഇതായിരുന്നുവെന്ന് ക്ലോപ്പ് തമാശയോടെ ഓർക്കുന്നു. ഈ കഥ പുറത്തായതോടെ “എംബാപ്പെ അന്ന് ലിവർപൂളിൽ വന്നിരുന്നെങ്കിൽ മുഹമ്മദ് സലാ, മാനെ, എംബാപ്പെ ത്രയം ഫുട്ബോൾ ലോകം അടക്കി ഭരിച്ചേനെ” എന്നാണ് ആരാധകരുടെ കമന്റുകൾ.
ഫുട്ബോളും ട്രാൻസ്ഫറുകളും അങ്ങനെയാണ്, എത്രയൊക്കെ ചേർത്തുപിടിക്കാൻ ശ്രമിച്ചാലും വിരൽത്തുമ്പിൽ നിന്നും വഴുതിപ്പോകും. എങ്കിലും അവ സമ്മാനിച്ച ഓർമകൾക്ക് എന്നും ആകാശത്തോളം മനോഹാരിതയുണ്ടാകും!
