മഹാരാഷ്ട്രയിലെ സഹ്യാദ്രി മലനിരകളില്‍ കൊങ്കണ്തീരത്തിനും ഡെക്കാന്‍ പീഠഭൂമിക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധവും പുരാതനവുമായ പര്‍വതപാതയാണ് നാനെഘാട്ട്. ബിസി ഒന്നാം നൂറ്റാണ്ടില്‍ സാത്തവാഹന രാജവംശ ഭരണകാലത്താണ് ഈ ചുരം പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. അക്കാലത്ത് ഡെക്കാന്‍ പീഠഭൂമിയെയും കൊങ്കണ്‍ തീരത്തെയും ബന്ധിപ്പിച്ച പ്രധാന വ്യാപാരമാര്ഗമായിരുന്ന നാനെഘാട്ട് രാജ്യത്തെതന്നെ ഏറ്റവും പഴക്കമേറിയ മലമ്പാതകളിലൊന്നാണ്.
ഇനി പേരിനു പിന്നിലെ പശ്ചാത്തലത്തിലേക്കു വരാം. ‘നാനെ’ എന്നാല്‍ മറാഠി ഭാഷയില്‍ നാണയം എന്നും ‘ഘാട്ട്’ എന്നാല്‍ ചുരം അഥവാ മലമ്പാത എന്നുമാണ് അര്‍ഥം.ബിസി കാലഘട്ടത്തില്‍ ഇതുവഴി സഞ്ചരിച്ചിരുന്ന വ്യാപാരികളില്‍നിന്ന് ചരക്കുനികുതി പിരിച്ചിരുന്നതിനാലാണ് നാനെഘാട്ട് എന്ന പേര് ലഭിച്ചത്.
മലമുകളിലെ പാറയില്‍ കൊത്തിയെടുത്ത വലിയൊരു കല്പാത്രത്തിലാണ് കച്ചവടക്കാര്‍ ടോള്‍ നാണയങ്ങള്‍ നിക്ഷേപിച്ചിരുന്നത്. ഈ കല്പാത്രം ഇന്നും അവിടെ കാണാനാവും. അറബിക്കടല്ത്തീരത്തുള്ള പുരാതന തുറമുഖങ്ങളായ കല്യാണ്‍, സോപാര എന്നിവയെ ഡെക്കാന്‍ പീഠഭൂമിയിലുള്ള പ്രമുഖ നഗരങ്ങളുമായി, പ്രത്യേകിച്ച് സാത്തവാഹനരുടെ തലസ്ഥാനമായിരുന്ന പ്രതിഷ്ഠാനയുമായി ബന്ധിപ്പിച്ചിരുന്ന വ്യാപാര, വാണിജ്യ പാതയായിരുന്നു ഇത്.
മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന പ്രദേശങ്ങളിലായി സാത്തവാഹകര് ഭരണം നടത്തിയ മൂന്നു നൂറ്റാണ്ടോളം ആഭ്യന്തര പ്രദേശങ്ങളില്‍നിന്ന് കുരുമുളക്, പരുത്തി, ലോഹങ്ങള്‍ തുടങ്ങിയവ ഈ പാതയിലൂടെ കൊങ്കണ്‍ തുറമുഖങ്ങളിലെത്തിക്കുകയും അവിടെനിന്ന് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു.
റോമന്‍ സാമ്രാജ്യവുമായുള്ള സുഗന്ധവ്യഞ്ജന, വസ്ത്ര വ്യാപാരങ്ങളിലും നാനെഘാട്ട് നിര്‍ണായക പങ്കുവഹിച്ചു. ഇവിടത്തെ പ്രധാന ആകര്‍ഷണം പാറയില്‍ കൊത്തിയെടുത്ത പുരാതന ഗുഹയും അതിലെ ബ്രാഹ്മി ലിപിയിലുള്ള ലിഖിതങ്ങളുമാണ്.സാത്തവാഹന രാജാവായിരുന്ന ശതകര്‍ണി ഒന്നാമന്റെ ഭാര്യ നാഗനിക രാജ്ഞിയാണ് ഈ ശിലാഖിതങ്ങള്‍ കൊത്തിവയ്പ്പിച്ചത്. രാജവംശാവലി, രാജാക്കന്മാര് നടത്തിയ യാഗങ്ങള്‍, ബ്രാഹ്മണര്‍ക്ക് നല്കിയ ദാനധര്‍മങ്ങള്‍ തുടങ്ങിയവ ഇതില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സംഖ്യാശാസ്ത്രത്തിനും ഏറെ കടപ്പാടുണ്ട് നാനെഘാട്ടിനോട്.
ഇന്ത്യന്‍ സംഖ്യകളുടെ പുരാതന രൂപങ്ങള്‍ രേഖപ്പെടുത്തിയ ആദ്യകാല തെളിവുകളില്‍ ഒന്നാണ് നാനെഘാട്ട് ലിപികള്‍. ഒരു കാലത്ത് വ്യാപാരികളുടെ ശബ്ദഭേരികളാല് മുഖരിതമായിരുന്ന മലമ്പാത ഇന്ന് മഹാരാഷ്്ട്രയിലെ പ്രശസ്തമായ ട്രെക്കിംഗ് കേന്ദ്രമാണ്. പുരാതന കല്പടവുകളും മഴക്കാലത്ത് കാണപ്പെടുന്ന ‘തലകീഴായി വീശുന്ന വെള്ളച്ചാട്ടവും’ സഞ്ചാരികളെയും ചരിത്രാന്വേഷികളെയും ഒരുപോലെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
മഴക്കാലത്തും ശൈത്യകാലത്തും ആയിരക്കണക്കിന് സഞ്ചാരികളാണ് പാതയിലൂടെ നടന്ന് സഹ്യാദ്രിയുടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നത്. രണ്ടായിരം വര്‍ഷത്തെ പഴക്കമുള്ള മലമ്പാത, മഹാരാഷ്്ട്രയുടെ സമ്പന്നമായ പൈതൃകത്തിന്റെ അവശേഷിക്കുന്ന സാക്ഷിയായാണ് നിലകൊള്ളുന്നത്.
- അജിത് ജി. നായർ
