ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ ഓൺലൈൻ ഭക്ഷണവിതരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്യുന്ന യുവതിയുടെ വീഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
യുവതി ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഡെലിവറി എക്സിക്യൂട്ടീവ് സൊസൈറ്റി ഗേറ്റിലെത്തിയപ്പോൾ സുരക്ഷാ ജീവനക്കാർ അദ്ദേഹത്തെ തടഞ്ഞു. ഇതിലുണ്ടായ കാലതാമസം യുവതിയെ പ്രകോപിപ്പിച്ചു. തുടർന്ന് ഗേറ്റിലെത്തിയ അവർ ജീവനക്കാരോട് കയർക്കുകയും ചെറിയൊരു വാക്കുതർക്കം വലിയ സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
സൊസൈറ്റിയുടെ കവാടത്തിന് സമീപം സുരക്ഷാ ജീവനക്കാരോട് യുവതി രൂക്ഷമായി തർക്കിക്കുന്ന ദൃശ്യങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. ജീവനക്കാരെ അസഭ്യം പറയുന്നതും പോലീസിനെ വിളിക്കാൻ വെല്ലുവിളിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഒരു ഘട്ടത്തിൽ കസേരയിലിരുന്ന സുരക്ഷാ ജീവനക്കാരന് നേരെ യുവതി പാഞ്ഞടുക്കുകയും തൊഴിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി കാണാം. മറ്റൊരു ജീവനക്കാരനെ അവർ കൈയേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആളുകളാണ് വിമർശനവുമായി രംഗത്തെത്തിയത്. ഡെലിവറി ജീവനക്കാരനെ തടഞ്ഞ സാഹചര്യവും തുടർന്നുണ്ടായ സംഭവവികാസങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.
