രാജസ്ഥാനിലെ പുതുതായി ഉദ്ഘാടനം ചെയ്ത എക്സ്പ്രസ്വേയുടെ നടുവിലിരുന്ന് കുടുംബസമേതം ഉച്ചഭക്ഷണം കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് വഴിവെക്കുന്നു. ശിവ് മഹേശ്വരി എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോയിൽ, വലിയൊരു കുടുംബത്തിലെ അംഗങ്ങൾ പാതയോരത്ത് നടുവിലായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതും മറ്റുള്ളവർ ഇവർക്ക് വിളമ്പി നൽകുന്നതും കാണാം.
വീഡിയോയിൽ ‘കുടുംബം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ബണ്ഡാര പോലെ തോന്നും’ എന്ന കുറിപ്പുമുണ്ട്. എന്നാൽ ദൃശ്യങ്ങൾ എക്സ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചതോടെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.
പൊതുസ്വത്തും അതിവേഗ പാതകളും സ്വന്തം വ്യക്തിഗത ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നതും ഉത്തരവാദിത്തമില്ലായ്മയാണെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.
പൊതുയിടങ്ങളിൽ ഭക്ഷണം കഴിച്ച ശേഷം മാലിന്യങ്ങൾ അവിടെത്തന്നെ തള്ളുന്ന രീതിയെയും ആളുകൾ വിമർശിച്ചു. ശുചീകരണത്തൊഴിലാളികൾ വൃത്തിയാക്കിക്കൊള്ളും എന്ന ധാരണയിൽ ആളുകൾ മാലിന്യം വലിച്ചെറിയുകയാണെന്ന് എക്സിലെ ഒരു ഉപയോക്താവ് കുറിച്ചു.
വാഹനങ്ങൾ വേഗത്തിൽ കടന്നുപോകാൻ നിർമ്മിച്ച ഹൈവേയിൽ അപകടകരമായ രീതിയിൽ ഇത്തരത്തിൽ കൂട്ടംകൂടിയിരിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
