കനത്ത വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനു സ്വന്തം ദുപ്പട്ട നീട്ടിനൽകി നവവധു. അപകടകരമായ രീതിയിൽ കുത്തിയൊഴുകിയ വെള്ളത്തിൽ പെട്ടുപോയ യാത്രികനെ കുടുംബാംഗങ്ങളുടെ സഹായത്തോടെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബാനിഖേത് ഭാഗത്തുനിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ എന്നാണ് റിപ്പോർട്ട്.
വെള്ളക്കെട്ടിലൂടെ കടന്നുപോകാൻ ശ്രമിക്കവെ ശക്തമായ ഒഴുക്കിൽപ്പെട്ട ബൈക്ക് യാത്രികൻ അപകടത്തിൽപ്പെടുകയായിരുന്നു.ആ സമയം കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു നവവധു. സ്ഥിതിഗതികൾ ഗുരുതരമായതോടെ യുവതി തന്റെ ദുപ്പട്ട ഊരി വെള്ളത്തിലേക്ക് നീട്ടിപ്പിടിച്ചു. ഇത് പിടിച്ചാണ് ബൈക്ക് യാത്രികൻ ഒഴുക്കിനെ എതിർത്ത് കുടുംബത്തിന് അടുത്തേക്ക് നീങ്ങിയത്.
വെള്ളത്തിലേക്ക് നേരത്തെ ഇറങ്ങിയിരുന്ന മറ്റൊരു വ്യക്തിയും യാത്രികനെ രക്ഷപ്പെടുത്താൻ സഹായിച്ചു. ഇവരെല്ലാവരും ചേർന്ന് യാത്രികനെ ശക്തമായ ഒഴുക്കിൽ നിന്നും സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു.
ഈ സാഹസിക രക്ഷാപ്രവർത്തനം കാമറയിൽ പതിയുകയും, സോഷ്യൽ മീഡിയയിലൂടെ അതിവേഗം പ്രചരിക്കുകയുമായിരുന്നു. യുവതിയുടെ സമയോചിതയായ ബുദ്ധിയെയും ധൈര്യത്തെയും പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.
