കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായിയിലെ ‘പ്രവിക്’ വീടിനുമുന്നിൽ സുരക്ഷാ ഡ്യൂട്ടിക്കായി ഉപയോഗിച്ചിരുന്ന വിവാദ പൊലീസ് ജീപ്പ് മാറ്റി. കഴിഞ്ഞ ദിവസമാണ് പത്ത് വർഷത്തോളമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ വിശ്രമത്തിനായി ഉപയോഗിച്ചിരുന്ന KL 01 BR 9569 എന്ന നമ്പറിലുള്ള ജീപ്പ് മാറ്റിയത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ ജീപ്പിൽ പൊലിസ് കാവൽ ഏർപ്പെടുത്തിയത്. ഒരു എസ്ഐയും രണ്ട് പൊലീസുകാരും അടങ്ങുന്ന സംഘമായിരുന്നു ആ സമയത്ത് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഈ ജീപ്പിൽ പൊലീസുകാർ ദുരിതപൂർവം കഴിയുന്നത് നേരത്തെ വലിയ തോതിൽ ചർച്ചയായിരുന്നു.
ജീപ്പ് മാറ്റിയെങ്കിലും പകരം സംവിധാനങ്ങൾ ഒരുക്കുമെന്ന് കമ്മീഷണർ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പോലീസുകാർക്കായി വീടിന് സമീപം പുതിയ ഷെൽട്ടർ നിർമ്മിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
