ബെർലിൻ: ആഗോള വാഹന നിർമാണ മേഖലയെ ഞെട്ടിച്ചുകൊണ്ട് ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ (2030) ആകെ 1,00,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ ജർമൻ വാഹന ഭീമനായ ഫോക്സ്വാഗൺ തീരുമാനിച്ചു. കമ്പനി മാനേജ്മെന്റും യൂണിയനുകളും ചേർന്നുള്ള ചർച്ചയിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമായത്.
നേരത്തെ പ്രഖ്യാപിച്ചിരുന്ന 50,000 ജോലി വെട്ടിക്കുറയ്ക്കലിന് പുറമെ അധികമായി 50,000 തസ്തികകൾ കൂടി ഒഴിവാക്കാനാണ് ബോർഡ് അംഗീകാരം നൽകിയത്. ഇത് കമ്പനിയുടെ ആഗോള ജീവനക്കാരുടെ 15 ശതമാനത്തോളം വരും. യുഎസ് താരിഫുകൾ, ഇലക്ട്രിക് വാഹനങ്ങളുടെ മന്ദഗതിയിലുള്ള വിപണി ആവശ്യകത, ചൈനയിൽ നിന്നുള്ള കടുത്ത മത്സരം എന്നിവയാണ് കമ്പനിയെ ഇത്തരം ഒരു കടുത്ത നടപടിയിലേക്ക് നയിച്ചത്.
കൂടാതെ ജർമനിയിലെ നാല് പ്രധാന പ്ലാന്റുകളുടെ പ്രവർത്തനം ഭാവിയിൽ തുടരുന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ഫോക്സ്വാഗൺ വ്യക്തമാക്കി. ഇത് സംഭവിച്ചാൽ കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി ജർമനിയിലെ പ്രധാന ഉത്പാദന പ്ലാന്റുകൾ അടച്ചുപൂട്ടേണ്ടി വരും.
