സാധാരണക്കാരായ ഉപഭോക്താക്കൾക്കപ്പുറം നായ്ക്കൾക്കും പ്രത്യേക ഐസ്ക്രീം തയ്യാറാക്കി നൽകുന്ന ഒരു ജയ്പൂർ കൽഫി വിൽപ്പനക്കാരന്റെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തെരുവ് നായ്ക്കൾക്കും വളർത്തുമൃഗങ്ങൾക്കുമായി പഞ്ചസാരയില്ലാത്ത (ഷുഗർ-ഫ്രീ) കുൽഫികളാണ് ഈ കുൽഫിക്കാരൻ തയ്യാറാക്കുന്നത്.
ഇൻസ്റ്റാഗ്രാം ഉപയോക്താവായ വിക്രം മിത്തൽ എന്നയാളാണ് ഈ കുൽഫിക്കാരന്റെ ഹൃദ്യമായ പ്രവൃത്തിയെക്കുറിച്ച് കാണിച്ച് വീഡിയോ പങ്കുവെച്ചത്. കുൽഫി വണ്ടിക്ക് അരികിലെത്തിയ വിക്രം, നായ്ക്കൾക്കായി പ്രത്യേക ഷുഗർ-ഫ്രീ ഐസ്ക്രീമുകൾ ഉണ്ടാക്കുന്നുണ്ടോ എന്ന് വ്യാപാരിയോട് ചോദിക്കുന്നതാണ് വീഡിയോയുടെ തുടക്കം.
വ്യാപാരി ഇത് ശരിവയ്ക്കുകയും, വളർത്തുമൃഗങ്ങളുടെ ഉടമകളും തെരുവ് നായ്ക്കൾക്ക് നൽകാനായി മൃഗസ്നേഹികളും തങ്ങളുടെ അടുക്കൽ എത്തുന്നുണ്ടെന്നും വിശദീകരിക്കുന്നു. തുടർന്ന് വിക്രം തന്റെ വളർത്തുമൃഗമായ ‘താര’യ്ക്കായി ഒരു കുൽഫി വാങ്ങുകയും ചെയ്തു.
വളരെ ലളിതമായ ഈ സ്നേഹപ്രവൃത്തി ഇതിനോടകം തന്നെ ഓൺലൈനിൽ വലിയ പ്രശംസ നേടിയിട്ടുണ്ട്. മൃഗങ്ങളോടുള്ള ഈ കുൽഫിക്കാരന്റെ അനുകമ്പയെയും സ്നേഹത്തെയും നിരവധി പേരാണ് അഭിനന്ദിച്ചത്.
