കൊച്ചി: മട്ടാഞ്ചേരിയിലെ എംഡിഎംഎ വേട്ടയില്‍ അറസ്റ്റിലായ പ്രതി നൗഫല്‍ ലഹരി എത്തിച്ചത് ഡല്‍ഹിയില്‍ നിന്നാണെന്ന് വിവരം. കഴിഞ്ഞ നാലു മാസത്തിനിടെ മൂന്നു തവണ നൗഫല്‍ ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്. ഇതിനിടെ എംഡിഎംഎ കൊച്ചിയില്‍ എത്തിച്ചതായാണ് പൊലിസിന് ലഭിച്ച വിവരം.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ രണ്ടു കിലോയോളം എംഡിഎംഎയാണ് ഇന്നലെ പൊലിസ് പിടിച്ചെടുത്തത്. നിരവധി ലഹരി കേസുകളില്‍ പ്രതികളായ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് പുതിയറോഡ് സ്വദേശി നൗഫല്‍ (32), ചെന്നാലി പറമ്പില്‍ താഴകത്ത് വീട്ടില്‍ സഫീര്‍ (33) എന്നിവരാണ് കൊച്ചി സിറ്റി പൊലിസിന്റെ വലയില്‍ കുടുങ്ങിയത്.
മട്ടാഞ്ചേരി, തോപ്പുംപടി സ്റ്റേഷന് പരിധികളില്‍ നിന്നായാണ് ലഹരിമരുന്ന് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്നൗഫലിന്റെ മട്ടാഞ്ചേരിയിലെ വീട്ടില്‍ നിന്ന് 14 ഗ്രാം എംഡിഎംഎയുമായി പൊലിസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കൊണ്ടു വന്ന കാറില്‍ നിന്ന് വന്‍ തോതില്‍ ലഹരിമരുന്ന് കണ്ടെത്തി.
കാറില്‍ ടവര്‍ ഫാനിനകത്തും കൂളറിനകത്തും പായ്ക്ക് ചെയ്ത നിലയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പ്രതികള്‍ അഞ്ചു വര്‍ഷമായി ലഹരി വില്പനയില് സജീവമാണെന്നും ഓഗസ്റ്റിലും വന്‍തോതില്‍ എംഡിഎംഎ എത്തിച്ചിരുന്നുവെന്ന വിവരവും പൊലിസിന് ലഭിച്ചു. ലഹരി മരുന്നിന്റെ സാമ്പത്തിക ഉറവിടം കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം നടക്കുകയാണ്.
