വൃത്തിയുള്ള ശരീരത്തിന് വൃത്തിയുള്ള വായും അനിവാര്യമാണ്. പല്ലിന്റെയും മോണയുടെയും ആരോഗ്യം കൂടാതെ ഒരിക്കലും ഒരാൾ ആരോഗ്യവാനാണെന്ന് പറയാനാവില്ല. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമുള്ള പേസ്റ്റ് ഉപയോഗിച്ചു ദിനംപ്രതി ശുചീകരണം നടത്തിയാൽ ദന്തരോഗങ്ങൾ നല്ലൊരു പരിധിവരെ തടയാനാവും.
ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റുകൾ വർഷങ്ങളുടെ പഠനവും റിസേർച്ചും നടത്തി ദോഷവശങ്ങൾ പരമാവധി ഒഴിവാക്കി ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിൽ ക്രമീകരിച്ചിരിക്കുന്നവയാണ്. പേസ്റ്റുകൾ പലവിധം. ഇത് തെരഞ്ഞെടുക്കുമ്പോൾ പ്രധാനമായും നമ്മുടെ വായ്ക്കകത്തെ പ്രശ്നങ്ങൾ
മനസിലാക്കി അതിനു പരിഹാരമാകുന്നവ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ഫ്ലൂറൈഡ് എന്തിന്?
ദന്തക്ഷയം തടയാൻ ഫ്ലൂറൈഡ് പേസ്റ്റുകൾ ആവശ്യമാണ്. ഭൂരിഭാഗം പേസ്റ്റുകളിലും ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ട്. ഫ്ലൂറൈഡ് അടങ്ങിയിട്ടുള്ള പേസ്റ്റ് നല്ലൊരു പരിധിവരെ ദന്തക്ഷയ സാധ്യത കുറയ്ക്കുന്നു. മാത്രമല്ല പ്രാരംഭ ഘട്ടങ്ങളിലുള്ള പോടുകളുടെ തുടർവ്യാപനം തടയുന്നു. ഫ്ലൂറൈഡ് സൂക്ഷ്മമായ ക്രിസ്റ്റൽ രൂപത്തിൽ ആയതിനാൽ വളരെ അതിസൂക്ഷ്മമായ പോടുകൾ അടയ്ക്കപ്പെടുന്നു.
മോണരോഗം തടയാൻ ആന്റി ബാക്ടീരിയൽ ടൂത്ത്പേസ്റ്റ്
മോണവീക്കം, മോണരോഗം എന്നിവ തടയാൻ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി (നീർക്കെട്ടിന്) ഘടകങ്ങൾ സഹായിക്കുന്നു. ഈ ഘടകങ്ങൾ അടങ്ങിയിട്ടുള്ള പേസ്റ്റുകൾ ഡോക്ടറുടെ നിർദ്ദേശത്തോടുകൂടി നിർദ്ദിഷ്ട കാലയളവിൽ ഉപയോഗിക്കണം. സാധാരണരീതിയിൽ chlorhexidine, triclosan ചേരുവകൾ ഇത്തരത്തിലുള്ള പോസ്റ്റുകളിൽ അടങ്ങിയിട്ടുണ്ട്. മോണയിൽ നിന്ന് രക്തം വരുന്നത് മോണരോഗത്തിന്റെ ലക്ഷണമാണ്. ഇത് പല അസുഖങ്ങൾക്കും കാരണമാവാം.
പല്ലുപുളിപ്പ് അകറ്റാനുള്ള ടൂത്ത് പേസ്റ്റ്
പല്ലുപുളിപ്പ് അകറ്റാനുള്ള ടൂത്ത് പേസ്റ്റിൽ ഫ്ലൂറൈഡ് കൂടാതെ പ്രോ ആർജിനിൻ പോലെയുള്ള ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഇത് പല്ലുകളിലെ സൂക്ഷ്മ സുഷിരങ്ങൾ അടച്ച് പുളിപ്പിനെ ഇല്ലാതാക്കുന്നു. ടൂത്ത്പേസ്റ്റിൽ നേരിയതോതിൽ ഹൈഡ്രജൻ പെറോക്സൈഡ്, കാർബമൈഡ് പെറോക്സൈസ് മുതലായവ ഉൾപ്പെടുത്തുമ്പോൾ ബ്ലീച്ചിംഗ് സാധ്യമാകുന്നു. എന്നാൽ ഏറ്റവും ഫലപ്രദമായ രീതിയിൽ ബ്ലീച്ചിംഗ് നടത്തണമെങ്കിൽ ക്ലിനിക്കുകളിൽ ഓഫീസ് ബ്ലീച്ചിങ് എന്ന ചികിത്സയിലൂടെ 45 മിനിറ്റിനകം ഇത് സാധ്യമാക്കാനാവും. ഇവിടെയും ഹൈഡ്രജൻ പെറോക്സൈഡ് കാർബമൈഡ് പെറോക്സൈഡ് എന്നിവ തന്നെ കൂടുതൽ സാന്ദ്രതയിൽ ഉപയോഗിക്കുന്നു.
പേസ്റ്റ് എങ്ങനെ ഉപയോഗിക്കണം?
സാധാരണ ഉപയോഗിക്കുന്ന പേസ്റ്റിന്റെ അളവിൽ ആദ്യം പേസ്റ്റ് എടുക്കുക. ഇത് മുകളിലത്തെ പല്ലുകൾക്കായി ഉപയോഗിച്ച് വായ കഴുകിയതിനുശേഷം താഴത്തെ പല്ലുനിരകൾ വൃത്തിയാക്കുക. ഇങ്ങനെ ഘട്ടം തിരിച്ചുള്ള രീതി കൂടുതൽ ഫലം നല്കും. ഒരാൾക്ക് ഒരുമാസത്തേക്ക് 150 ഗ്രാമിന്റെ ഒരു ട്യൂബ് പേസ്റ്റ് മതിയാകും. ഫാമിലി പാക്ക് പേസ്റ്റ് വാങ്ങുന്നതിനേക്കാൾ ഓരോരുത്തർക്കും ഒന്ന് എന്ന രീതിയാണു നല്ലത്. ഒരേ ട്യൂബ് ഉപയോഗിക്കുമ്പോൾ ബ്രഷുകളിൽ നിന്നും പേസ്റ്റ് വഴി അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്.
അമിതമായ അളവിൽ പേസ്റ്റ് ഉപയോഗിക്കാതിരിക്കുക. ഒരു പയറു മണിയുടെ അത്രയും വലിപ്പത്തിൽ മാത്രം. കൂടുതൽ പേസ്റ്റ് എടുത്താൽ പെട്ടെന്ന് പതഞ്ഞ് പെട്ടെന്നു തന്നെ അത് കഴുകി കളയേണ്ടതായി വരും.
ടൂത്ത്പേസ്റ്റ് തിരഞ്ഞെടുക്കുമ്പോൾ മാത്രമല്ല ബ്രഷ് ചെയ്യുന്ന രീതിയും ശരിയാണെന്ന് ഉറപ്പു വരുത്തുക. കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ചെറിയ പ്രായത്തിൽ തന്നെ ബ്രഷ് ഉപയോഗിച്ചു പല്ലുതേയ്ക്കാൻ കൃത്യമായി പഠിക്കേണ്ടത് അത്യാവശ്യമാണ്.
വിവരങ്ങൾ- ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി
കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല)ഫോണ് 9447219903
