അഞ്ചല്‍: കെഎസ്ആര്‍ടിസി കൊല്ലം കുളത്തൂപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് വേണാട് ബസിലെ യാത്രക്കാരന് കണ്ടക്ടറേയും സഹയാത്രികരേയും മര്‍ദിച്ചു. ശനിയാഴ്ച രാത്രി എട്ടോടെ ആലഞ്ചേരിയിലാണ് സംഭവം. വിവരമറിഞ്ഞെത്തിയ പൊലിസ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. കുളത്തൂപ്പുഴ കുമരംകരിക്കം മംഗലത്ത് പുത്തന്‍ വീട്ടില്‍ രതീഷ് (30 ) ആണ് കസ്റ്റഡിയിലായത്. ഇയാളുടെ മര്‍ദനത്തില്‍ പരിക്കേറ്റ കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ റിയാസ് സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.
കൊല്ലത്ത് നിന്നും കുളത്തൂപ്പുഴയിലേക്ക് പോവുകയായിരുന്നു ബസില്‍ അഞ്ചല്‍ നിന്നുമാണ് രതീഷ് കയറിയത്. ആലഞ്ചേരി ജംഗ്ഷന് കഴിഞ്ഞതോടെ കണ്ടക്ടര്‍ റിയാസ് ടിക്കറ്റെടുക്കാന്‍ രതീഷിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മദ്യലഹരിയിലായിരുന്ന രതീഷ് ടിക്കറ്റെടുക്കാന്‍ കൂട്ടാക്കിയില്ല. കണ്ടക്ടര്‍ ടിക്കറ്റെടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ ‘ഇല്ലെങ്കില്‍ നീയെന്തു ചെയ്യുമെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് റിയാസിനെ മര്‍ദിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു.
ഈ സമയം സമീപത്തുണ്ടായിരുന്ന വനിതകളുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കും രതീഷിന്റെ മര്ദനമേല്ക്കുകയുണ്ടായി. ഇതോടെ ബസ് നിര്‍ത്തിയിടുകയും ബസില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച രതീഷിനെ യാത്രക്കാരും കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് തടഞ്ഞുവച്ച് ഏരൂര്‍ പൊലിസിന് കൈമാറുകയുമായിരുന്നു.
എസ്ഐ പ്രിയയുടെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം രതീഷിനെ കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരുടെ പരാതിയിന്മേല് പൊലിസ് കേസെടുത്തു.
