കൊഴുപ്പു കുറവുള്ള പച്ചക്കറിയാണു ബീറ്റ്റൂട്ട്. വിറ്റാമിനുകളും ആന്റി ഓക്സിഡൻറുകളും ധാരാളം. ജലത്തിൽ ലയിക്കുന്ന തരം നാരുകളുമുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം, ഇരുന്പ്, വിറ്റാമിൻ എ, ബി6, സി, ഫോളിക്കാസിഡ്, സിങ്ക്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ…. പോഷകസമൃദ്ധമാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിലുളള ആന്റിഓക്സിഡൻറുകളും ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങളും കാൻസർസാധ്യത കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്. പാകപ്പെടുത്തിയും പച്ചയ്ക്കു സാലഡാക്കിയും ജ്യൂസാക്കിയും ബീറ്റ്റൂട്ട് കഴിക്കാം.
വിളർച്ച തടയുന്നു
ശരീരമാകെ ഓക്സിജനെത്തിക്കുന്നത് രക്തകോശങ്ങളിലെ ഹീമോഗ്ലോബിനാണ്. ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുന്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിൻ നിർമാണത്തിന് ഇരുന്പ് അവശ്യം. രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനും ഇരുന്പ് വേണം. ഹീമോഗ്ലോബിന്റെ തോതു കുറയുന്പോഴാണ് വിളർച്ച അഥവാ അനീമിയ ഉണ്ടാകുന്നത്. ബീറ്റ്റൂട്ടിൽ ഇരുന്പ് ഇഷ്ടംപോലെ; ബീറ്റ്റൂട്ടിൽ അടങ്ങിയ കോപ്പർ ഇരുന്പിന്റെ ആഗിരണം കാര്യക്ഷമമാക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിയാൽ ചുവന്നരക്താണുക്കൾക്കു പുതുജീവൻ നല്കാം, വിളർച്ചയിൽ നിന്നു രക്ഷനേടാം.
എൽഡിഎൽ കുറയ്ക്കുന്നു
ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അഥവാ എൽഡിഎൽ എന്ന ചീത്ത കൊളസ്ട്രോളിന്റെ തോതു കുറയ്ക്കുന്നതിനു ബീറ്റ്റൂട്ട് ഗുണപ്രദം. ബീറ്റ്റൂട്ടിലെ കരോട്ടിനോയ്ഡ്, ഫ്ളേവനോയ്ഡ് എന്നിവ ചീത്ത കൊളസ്ട്രോളിന്റെ തോതു കുറയ്ക്കുന്നു. ബീറ്റ് റൂട്ടിലെ നാരുകളും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനു സഹായകം.
ഹൃദയാരോഗ്യത്തിന്
ബീറ്റ്റൂട്ടിൽ ഉയർന്ന തോതിൽ നൈട്രേറ്റ് അടങ്ങിയിരിക്കുന്നു. ശരീരം നൈട്രേറ്റിനെ നൈട്രൈറ്റും നൈട്രിക് ഓക്സൈഡുമാക്കി മാറ്റുന്നു. ഇവ രക്തധമനികളുടെ ഉൾവ്യാസം വർധിപ്പിക്കുന്നു. രക്തസമ്മർദം കുറയ്ക്കുന്നു. രക്തസമ്മർദം നിയന്ത്രിതമായാൽ സ്ട്രോക്ക്, ഹൃദയാഘാതം, ഹൃദയസംബന്ധമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയും. അതിനാൽ ബീറ്റ്റൂട്ട് പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.
