തിരുവനന്തപുരം: മുതലപ്പൊഴിയിലും പുല്ലുവിളയിലും വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളായ ഷിജിനും ജോണ്‍ മത്യാസിനും വേണ്ടിയുള്ള തെരച്ചില്‍ വീണ്ടും ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ കോസ്റ്റല്‍ പോലീസും കോസ്റ്റ് ഗാര്‍ഡും തദ്ദേശീയ മത്സ്യത്തൊഴിലാളികളുമാണ് തെരച്ചില്‍ നടത്തുന്നത്.
ഒന്‍പത് ദിവസമായിട്ടും ഇരുവരെയും കണ്ടെത്താന്‍ സാധിക്കാത്തതില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും നാട്ടുകാരും ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുതലപ്പൊഴിയില്‍ നിന്നു കാണാതായ ഷിജിന്റെ ഭാര്യ രണ്ട് കുട്ടികളെയും കൂട്ടി കോസ്റ്റല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.
ബന്ധുക്കളും നാട്ടുകാരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ മന്ത്രി സി.പി. ജോണ്‍ ഷിജിന്റെ കുടുംബാംഗങ്ങളുമായും മത്സ്യത്തൊഴിലാളി സംഘടന നേതാക്കളുമായും ഇടവക വികാരിയുമായും ചര്‍ച്ച നടത്തി. തെരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കാമെന്ന് ഉറപ്പ് നല്‍കിയാണ് മന്ത്രി മടങ്ങിയത്.
അതേസമയം വിഴിഞ്ഞം പുല്ലുവിളയില്‍ നിന്നു കാണാതായ ജോണ്‍ മത്യാസിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നുവെന്നും എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന് ജോണ്‍ മത്യാസിന്റെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ച് ഉറപ്പ് നല്കി.
- എം. സുരേഷ്ബാബു
