തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖയ്ക്കെതിരെ പൊലിസ് കേസെടുത്തു. പുനലൂർ പൊലിസാണ് കേസ് എടുത്തത്. കലാപം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിച്ചെന്നാരോപിച്ചാണ് ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരം കേസെടുത്തത്.
രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നത് മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണെന്നായിരുന്നു ശ്രീലേഖയുടെ പരാമർശം. പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിൽ സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം.
കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്. ശ്രീലേഖയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ് വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു.
