സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം ജയിലർ 2-ന്റെ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനവുമായി ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദീൻ. താൻ മോഹൻലാലിന് വേണ്ടി ഡിസൈൻ ചെയ്ത വസ്ത്രങ്ങളും പ്രധാനപ്പെട്ട പല സീനുകളും സിനിമയിൽ നിന്ന് വെട്ടിമാറ്റിയെന്ന് ജിഷാദ് ആരോപിച്ചു. അതിലുള്ള കടുത്ത നിരാശ അദ്ദേഹം പരസ്യമായി പങ്കുവച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം സംബന്ധിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കും: ‘ജയിലർ 2’ന്റെ റിലീസിനോടനുബന്ധിച്ച്, ഞാൻ ഒരു പ്രധാന കാര്യം പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.
ഷൂട്ട് ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തിൽ, ട്രെയിലറിലെ 2 സെക്കൻഡ് മാത്രമുള്ള ആ ചെറിയ കാഴ്ചയിൽ പോലും, ഞങ്ങളുടെ കഠിനാധ്വാനത്തിൽ എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. എന്നാൽ ചിത്രം റിലീസ് ചെയ്തപ്പോൾ, മോഹൻലാൽ സാറിന്റെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകൾ പൂർണമായി വെട്ടിമാറ്റുകയും, ട്രെയിലറിലുണ്ടായിരുന്ന ആ രംഗം പോലും ഒഴിവാക്കുകയും ചെയ്തു.
സിനിമയിലെ എന്റെ അനുഭവത്തിൽ, മോഹൻലാൽ സാറിനെപോലെയുള്ള ഒരു സൂപ്പർതാരത്തിന്റെ രംഗങ്ങൾ വെട്ടിമാറ്റുന്നത് തികച്ചും അനാവശ്യമാണ്.
നമ്മുടെ സൂപ്പർതാരത്തെ ഈ രീതിയിൽ ഒതുക്കിക്കളയുന്നത് കണ്ടിട്ട്, ഇനി ഇതിന്റെ ഒരു രണ്ടാം ഭാഗം (Sequel) ഉണ്ടായാൽ, ഞാൻ അതിന്റെ ഭാഗമായിരിക്കില്ല. എന്നെ വിശ്വസിച്ച എല്ലാവരോടും ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു.
ഞാൻ അനുകൂല്യങ്ങൾക്കോ, ലാഭങ്ങൾക്കോ, കോടി ക്ലബ്ബുകൾക്കോ, താരപ്പകിട്ടിനോ വേണ്ടി നിൽക്കുന്നവനല്ല. ഫാൻസിനും, സിനിമാ ആസ്വാദകർക്കും, മോഹൻലാൽ സാറിനും വേണ്ടി മാത്രമാണ് ഞാൻ നിലകൊള്ളുന്നത്. എന്റെ യാത്രയിൽ എന്നും ഒപ്പം നിന്നതിന് നന്ദി.
