അഭിനയം പഠിക്കുന്നവര് മനഃപാഠമാക്കേണ്ട ഒന്നാണ് “ചെമ്മീനിലെ’ ചെമ്പന് കുഞ്ഞായുള്ള കൊട്ടാരക്കര ശ്രീധരൻ നായരുടെ പരകായപ്രവേശം. ഒരു മനുഷ്യന്റെ ആഗ്രഹവും, ആര്ത്തിയും, പണക്കൊതിയും, പതനവും എങ്ങനെയാണ് പകരം വയ്ക്കാനില്ലാത്ത ഈ നടന് സ്വാംശീകരിക്കുന്നത് എന്നത് അദ്ഭുതകരമാണ്.
മൂന്നു ഘട്ടങ്ങളുണ്ട് ചെമ്പന് കുഞ്ഞിന്റെ ജീവിതത്തിന്. കടപ്പുറത്തെ ഓലകൾ ദ്രവിച്ച കുടിലില് ഇരുന്ന് വല വാങ്ങാനുള്ള പണം പരീക്കുട്ടിയോടു കടം വാങ്ങാന് ഭാര്യ ചക്കിയോട് പറയുന്ന രംഗം ആദ്യം കാണാം. പരീക്കുട്ടിയിൽ നിന്ന് വാങ്ങിയ പണം കൊണ്ട് തന്നെ വള്ളം വാങ്ങിയിട്ടുണ്ട്. വലയും കൂടി ഉണ്ടെങ്കിലേ വള്ളം ഇറക്കാൻ കഴിയു. അതിന്റെ ഒരു ആലോചനയിലാണ് ചെമ്പൻ കുഞ്ഞ്. മുണ്ടുമാത്രമുടുത്ത് തലയില് കൈയ്യും താങ്ങി ഇരിക്കുന്ന പട്ടിണിക്കാരനായ മത്സ്യത്തൊഴിലാളിയെയാണ് നമ്മൾ കാണുന്നത്.
വള്ളം വാങ്ങുന്നതിനു പകരം “ഉള്ള കാശുകൊണ്ട് പെണ്ണിനെ (ഷീല അവതരിപ്പിക്കുന്ന കറുത്തമ്മ) കെട്ടിക്കാമായിരുന്നു’ എന്ന് ചക്കി. “ഒന്നു പോടി. വള്ളമായി. ഇനി ഒരു താങ്ങുവലയും, മത്തിവലയും വാങ്ങണം”. എന്ന് നല്ല തെളിഞ്ഞ മുഖത്തോടെ ചെമ്പന് കുഞ്ഞ്.
“വലയ്ക്കുള്ള പണത്തിനു ചെറുക്കനെ (പരീക്കുട്ടി) ഒന്ന് പിടിച്ചാ പറ്റും’ എന്നും അയാൾ പറയുന്നുണ്ട്. ഈ രംഗത്തെ ചക്കിയായുള്ള അടൂർ ഭവാനിയുടെ അഭിനയവും അസാമാന്യമാണ്. പഴയ കാലത്ത് വെറ്റില മുറുക്കുന്ന ഒരു ശൈലിയുണ്ട്. ആ രീതിയില് കൊട്ടാരക്കര മുറുക്കാന് കൂട്ട് ചുണ്ടില് മേൽ ഒന്ന് തേച്ചിട്ട് വായ്ക്കുള്ളിലേക്ക് ഇടുകയാണ്.
വര്ത്തമാനത്തിനിടയില് മുറുക്കുന്നവര് ചെയ്യുന്നപോലെ ഒരു കാറലുമുണ്ട്. (വെറ്റില നീരും മറ്റും തൊണ്ടയില് കുടുങ്ങുമ്പോള്) ഈ സംസാരത്തിനിടയില് പെട്ടെന്ന് ചെമ്പൻ കുഞ്ഞിന്റെ മുഖം മാറുന്നു. “അഞ്ഞൂറു രൂപ പരീക്കുട്ടി തരണം’. എന്നിങ്ങനെ ഒരു അവകാശം പോലെയായി സംസാരം. ഇതിനിടയില് പണത്തിനു വേണ്ടി ചക്കിയെ അയാള് ഉന്തി തള്ളി വിടുന്നു.
ഭർത്താവിന്റെ നിര്ബന്ധം സഹിക്കവയ്യാതെ കടപ്പുറത്തു പോകുന്ന ചക്കി പരീക്കുട്ടിയില് (മധു) നിന്നും പണം വാങ്ങിയാണ് മടങ്ങിവരുന്നത്. പച്ച നോട്ടുകള് കാണുമ്പോള് ചെമ്പന് കുഞ്ഞിന്റെ കണ്ണുകളില് ആര്ത്തി പടര്ന്നു കയറുന്നു. “നീ മുടുക്കിയാണ് ചക്കീ’..എന്നും “പലിശ സഹിതം പൈസ താന് മടക്കി നല്കും’ എന്നും ചെമ്പൻ കുഞ്ഞ് ഉറപ്പ് പറയുന്നുമുണ്ട്.
ഇനി രണ്ടാംഘട്ടത്തിലെ ചെമ്പൻ കുഞ്ഞിനെ പരിചയപ്പെടാം. കരക്കാര് വള്ളവും വലയും കടലിലിറക്കാന് സമ്മതിക്കാതെ വരുമ്പോള് തുറയിലച്ചനെ കാണാന് പോകുന്ന രംഗത്തെ ചെമ്പന് കുഞ്ഞിനെ ഒന്നു കാണേണ്ടതാണ്. പൊറുക്കണം..! എന്നൊക്കെ പറഞ്ഞ് തുറയിലച്ചന്റെ കാലില് വീണ് മാപ്പപേക്ഷ. സ്വന്തം കാര്യം നേടാൻ എന്തു വേഷപ്പകർച്ചയ്ക്കും അയാൾ തയാറാണ്.
വള്ളത്തില് വലയുമായി കടലിലേയ്ക്കിറങ്ങുമ്പോള് മുതല് ചെമ്പന് കുഞ്ഞിന്റെ മട്ട് തീര്ത്തും മാറുകയാണ്. പണം വാരിക്കൂട്ടാനുള്ള ഒരു ആവേശത്തില് അതുവരെ ഒപ്പം വള്ളത്തില് പോയിരുന്ന അച്ചന് കുഞ്ഞിനെ (എസ്.പി. പിള്ള) വരെ തഴയുന്നുണ്ട്. വള്ളം നിറയെ മീനുമായി മടങ്ങി എത്തുമ്പോഴേക്കും ചെമ്പന് കുഞ്ഞ് ഒരു പുതിയ ആളായി പൂര്ണമായി മാറിക്കഴിഞ്ഞു.
വള്ളത്തിനടുത്തേയ്ക്ക് ഓടിവരുന്ന കുട്ടികളെ പോയിനടാ… എന്ന് പറഞ്ഞു ആട്ടി ഓടിക്കുന്നു. വട്ടിയുമായി മീന് എടുക്കാന് വന്ന ഇളയ മകള് പഞ്ചമിയെ (ലത രാജു) പിടിച്ച് തള്ളുന്നുമുണ്ട്. വിറളിപിടിച്ചത് പോലെ വള്ളത്തിലെ മീന് വാരി അങ്ങോട്ടുമിങ്ങോട്ടുമിടുന്ന നേരത്തെ ചെമ്പന് കുഞ്ഞിന്റെ മുഖത്ത് മതിഭ്രമത്തിന്റെ ഒരു മിന്നലാട്ടം ഉണ്ട്.
ഇതിനിടയിലേയ്ക്കാണ് പരീക്കുട്ടി കടന്നുവരുന്നത്. ജന്മശത്രുവിനെ കണ്ടതുപോലെ പെട്ടെന്ന് വള്ളത്തില് കയറി പുറം തിരിഞ്ഞിരിക്കുകയാണ് ചെമ്പന് കുഞ്ഞ്. “മീന് എനിക്ക് കച്ചവടം ചെയ്യുന്നോ’ എന്ന് പരീക്കുട്ടി ചോദിക്കുമ്പോള് “രൊക്കം പൈസയുണ്ടോ’ എന്ന് കൈവിരല് കൊണ്ട് ആംഗ്യം കാട്ടി ചെമ്പന്കുഞ്ഞ്. മനുഷ്യന്റെ ഏറ്റവും വലിയ നന്ദികേടിന്റെ മുഖം ഇവിടെ ചെമ്പന് കുഞ്ഞായി മാറുകയാണ്..! പല ചലച്ചിത്ര ഗവേഷകരും എടുത്തുപറയുന്ന കൊട്ടാരക്കരയുടെ അഭിനയ മുഹൂർത്തമാണിത്.
പട്ടിണിക്കാരനായ ചെമ്പന്കുഞ്ഞ് പിന്നീട് പുത്തന് പണക്കാരനായി, പലിശക്കാരനായി കടപ്പുറത്ത് കൂടി വിലസുകയാണ്. മഞ്ഞ ഉടുപ്പിട്ട് കയ്യിൽ കാലൻ കുടയും ഒക്കെയായി. സിനിമയുടെ അവസാന രംഗങ്ങളില് കൈയിലെ പണം മുഴുവൻ കാറ്റിൽ പറത്തി നടക്കുന്ന ചെമ്പന് കുഞ്ഞിനെ കാണാം. എല്ലാ ബന്ധങ്ങള്ക്കും, കടപ്പാടുകള്ക്കും മുകളില് പണത്തെ കണ്ട അയാള് വെറും പേപ്പര് തുണ്ടുകള് പോലെ നോട്ടുകള് വാരി എറിയുകയാണ്. കീറിപ്പറിഞ്ഞ ഉടുപ്പും മുണ്ടും ഇട്ട ചെമ്പന് കുഞ്ഞിന്റെ മുഖത്ത് ദേഷ്യവും, സങ്കടവും പൊട്ടിത്തെറിയും, ചിരിയും മാറിമാറി വരുന്നുണ്ട്.
ഭാര്യ ചക്കിയുടെ മരണം, രണ്ടാം വിവാഹത്തിന്റെ പരാജയം, വള്ളം കടലില് ഇറക്കാന് കഴിയാത്തതിന്റെ കൊടിയ നിരാശ, അങ്ങനെ പലതും അയാളുടെ നില തെറ്റിക്കുകയാണ്. ഇതിനിടയില് പരീക്കുട്ടിയ്ക്കും പണം വാരിക്കൊടുക്കുന്നുണ്ട്. “നീ നന്നായി വരും. ഞാന് മുടിഞ്ഞുപോകും.’ എന്ന് സ്വയം ശപിച്ചുകൊണ്ട് ആടിയാടി അയാള് കടപ്പുറത്ത് കൂടി നടന്നു നീങ്ങുന്നു.
ഇത്തരത്തിലെ അഭിനയം കണ്ടിട്ടാവും, മാർലൺ ബ്രാൻഡോ തുടങ്ങിയ ലോക സിനിമ ഇതിഹാസങ്ങളേക്കാൾ മുകളിലായി താന് കൊട്ടാരക്കര ശ്രീധരന് നായരെ കാണുന്നു എന്ന് സൂപ്പര് സ്റ്റാര് മോഹന്ലാല് പറഞ്ഞത്. 1950 “പ്രസന്ന’യിൽ തുടങ്ങിയ അഭിനയ ജീവിതം. 1986 കൊട്ടാരക്കര വിടവാങ്ങിയ അതേ വർഷത്തിലാണ് അവസാന സിനിമയായ “മിഴിനീർ പൂവുകൾ’ റിലീസായത്.
“അര നാഴികനേര’ത്തിലെ കുഞ്ഞോനാച്ചന് എന്ന് വൃദ്ധനായ കുടുംബനാഥനെ അവതരിപ്പിക്കുമ്പോൾ കൊട്ടാരക്കരയ്ക്ക് 48 വയസാണ്. ഒരു യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിന് അകത്തെ പ്രതിസന്ധികൾക്ക് നടുവിൽപ്പെട്ടുഴലുന്ന ഗൃഹനാഥന്റെ മുഴുവൻ ആത്മസംഘർഷങ്ങളും കൊട്ടാരക്കര സത്യമാക്കി. വയറിനു മുകളിലേക്ക് മുണ്ടു കയറ്റി ഉടുത്ത്, മുഴുവൻ നരച്ച തലമുടിയും പുരികങ്ങളുമായി നടക്കുന്ന കുഞ്ഞോനാച്ചൻ, കൊട്ടാരക്കരയുടെ മറ്റൊരു അനശ്വര കഥാപാത്രമാണ്.
1970ൽ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം കൊട്ടാരക്കര ശ്രീധരൻ നായർക്ക് കിട്ടുന്നത് “അരനാഴികനേര’ത്തിലെ അഭിനയത്തിനാണ്. വേലുത്തമ്പി ദളവയിലെ വേലുത്തമ്പി ദളവ, തൊമ്മന്റെ മക്കളിലെ തൊമ്മന്, കുഞ്ഞാലി മരയ്ക്കാറിലെ കുഞ്ഞാലി മരയ്ക്കാര്, മൈ ഡിയര് കുട്ടിച്ചാത്തനിലെ മന്ത്രവാദി അങ്ങനെ നീളുന്ന കൊട്ടാരക്കരയുടെ ഓരോ കഥാപാത്രവും പഠനവിധേയമാക്കേണ്ടതാണ്.
