കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഏജന്റ് രജിസ്ട്രേഷനും പുതുക്കലും പ്രതിസന്ധിയിൽ. പുതിയ രജിസ്ട്രേഷനുകൾക്കായി അപേക്ഷിക്കാനോ അനുമതി നേടാനോ കഴിയാത്തത് മേഖലയിലെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി പോർട്ടൽ പ്രവർത്തനരഹിതമായതോടെയാണ് ഈപ്രതിസന്ധി.
റെറ നിയമപ്രകാരം രജിസ്റ്റർ ചെയ്ത റിയൽ എസ്റ്റേറ്റ് ഏജന്റുമാർക്കും ബ്രോക്കർമാർക്കും മാത്രമേ ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്താൻ കഴിയൂ. അതിനാൽ പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിക്കാത്തത് മേഖലയിലുള്ളവർക്ക് വലിയ തിരിച്ചടിയാകുകയാണെന്ന് നാഷണൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കൗൺസിൽ ചൂണ്ടിക്കാട്ടി.
രജിസ്ട്രേഷൻ നടപടികൾ തടസ്സപ്പെട്ടതോടെ ഓരോ ദിവസവും വൻ സാമ്പത്തിക നഷ്ടമാണ് നേരിടുന്നതെന്നും കൗൺസിൽ വ്യക്തമാക്കി. പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പോർട്ടലിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കണമെന്ന് കൗൺസിൽ പ്രസിഡന്റ് ബിനോയ് തോമസും ജനറൽ സെക്രട്ടറി കൃഷ്ണപ്രസാദും ആവശ്യപ്പെട്ടു.
ഇക്കാര്യം ഉന്നയിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിക്ക് കത്ത് നൽകിയതായും ഭാരവാഹികൾ അറിയിച്ചു.
