കോൽക്കത്ത: കോൽക്കത്തയിലെ ദുർഗാ പൂജ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സംഘാടകർ ഉൾപ്പെടെ ഏഴുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
സപ്തമി ദിനത്തിൽ പെയ്ത ശക്തമായ മഴയ്ക്കിടെ വൈകുന്നേരം 7:40-ഓടെയാണ് ദുരന്തമുണ്ടായത്. അപാകതകൾ വരുത്തിയതിന് സംഘാടക സമിതി സെക്രട്ടറി രാജ് കുമാർ സെവ്ദ, വൈസ് പ്രസിഡന്റ് ശാന്തനു ദുബെ എന്നിവരുൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്.
ലാൗഡ് സ്പീക്കറിലൂടെയുള്ള അറിയിപ്പും സെക്യൂരിറ്റി ജീവനക്കാരുടെ വിസിലടിയും ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും തിരക്കും ഉണ്ടാക്കിയതാണ് അപകടത്തിന് കാരണമായതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് കോൽക്കത്തയിലെ പ്രമുഖ ദുർഗാ പൂജ പന്തലുകൾ താത്കാലികമായി അടച്ചിടാൻ ഭരണകൂടം നിർദേശം നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടികൾ ഉൾപ്പെടെയുള്ള ഔദ്യോഗിക ചടങ്ങുകൾ മാറ്റിവെച്ചിട്ടുണ്ട്.
