തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മദ്യനയം അടുത്ത മാസം പ്രഖ്യാപിക്കും. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മദ്യച്ചട്ടങ്ങളിലും നിയമഭേദഗതികളിലും മാറ്റമുണ്ടാകുമെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി. ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയ വിദേശമദ്യച്ചട്ട ഭേദഗതി പിൻവലിക്കുമെന്നും സൂചനയുണ്ട്. ചാലക്കുടിയിലെ ബേക്കറിക്ക് 15.5 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽക്കാൻ ജൂണിൽ ലൈസൻസ് അനുവദിച്ച വിവരം എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്.
വാർത്ത പുറത്തുവന്നതിനു പിന്നാലെ എക്സൈസ് കമ്മീഷണറുടെ ഉത്തരവ് മരവിപ്പിച്ചു. സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെയാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വിദേശ മദ്യച്ചട്ട ഭേദഗതിയിലൂടെയാണ് 10 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ബേക്കറികൾ, മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകിയത്. എന്നാൽ ബേക്കറികളിൽ വീര്യമുള്ള വൈൻ വിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് യുഡിഎഫിന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.
മദ്യനയത്തിലെ പ്രധാന മാറ്റങ്ങൾ മുന്നണി ചർച്ചകൾക്ക് ശേഷമായിരിക്കും തീരുമാനിക്കുക. ബാറുകളുടെ പ്രവർത്തനസമയം കുറയ്ക്കൽ, ഹോർട്ടിവൈൻ, ഹോർട്ടി ലിക്കർ, വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനാനുമതി തുടങ്ങിയ വിഷയങ്ങളിൽ യുഡിഎഫ് അന്തിമ തീരുമാനമെടുക്കും. വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിൽ നിലപാട് രൂപീകരിക്കാൻ ഉപസമിതി വേണമെന്ന ധാരണ മുന്നണിയോഗത്തിലുണ്ടായെങ്കിലും അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
സർക്കാർ മദ്യനയം വ്യക്തമാകുന്നതിന് മുമ്പ് ഫയൽ നീക്കിയെന്ന വിമർശനവും ഹോർട്ടിവൈൻ ലൈസൻസ് വിവാദത്തിൽ ഉയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്ന വിമർശനത്തെ തുടർന്ന് അബ്കാരി വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണർക്ക് പുതിയ ചുമതല നൽകാതെയാണ് സർക്കാർ മാറ്റിയത്.
ബേക്കറിയിൽ വീര്യം കൂടിയ വീഞ്ഞ്; വില്പന മരവിപ്പിച്ചു
തിരുവനന്തപുരം: ബേക്കറികളിലൂടെയും മാളുകളിലൂടെയും 15 ശതമാനം വീര്യമുള്ള ഫോർട്ടിഫൈഡ് വീഞ്ഞ് വില്പനയ്ക്കുള്ള നീക്കം വിവാദമായതോടെ ലൈസൻസിനുള്ള ഉത്തരവ് മരവിപ്പിച്ചു. മദ്യനയം പ്രഖ്യാപിക്കുന്നതുവരെ എക്സൈസ് വകുപ്പാണ് വില്പന മരവിപ്പിച്ചത്.
സർക്കാർപോലും അറിയാതെ വീര്യംകൂടി വൈനിന്റെ വിൽപനയ്ക്കുള്ള നീക്കം ചാലക്കുടിയിലെ ഒരു ബേക്കറിയിലാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ചാലക്കുടി ബിവറേജസ് വെയര്‍ഹൗസില്‍നിന്ന് ഏഴ് കെയ്സ് വൈനായിരുന്നു ബേക്കറി ഉടമ വാങ്ങിയത്. വിവാദമാതോടെ, എക്സൈസ് കമ്മിഷണർക്കു വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ അബ്കാരി ഡെപ്യൂട്ടി കമ്മിഷണർ സി.കെ. അനിൽ കുമാറിനെ ചുമതലയിൽനിന്നു മാറ്റി. പകരം അബ്കാരി ഡെപ്യൂട്ടി കമ്മീഷറായി വി. സുഭാഷിനെ നിയമിച്ചു.
ബേക്കറികൾ വഴി വൈൻ വിൽക്കാൻ അനുമതി നൽകിയ ചട്ടഭേദഗതി പൂർണമായി റദ്ദാക്കുന്നതിനായി സർക്കാർ അടിയന്തരമായി നിയമോപദേശവും തേടും. സംസ്ഥാനത്തിന്റെ അബ്കാരി ചരിത്രത്തിലാദ്യമായായിരുന്നു ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വില്പന. പുതിയ എക്സൈസ് കമ്മിഷണർ ശ്രീറാം സാംബശിവറാവു ചുമതലയേറ്റ് രണ്ടു ദിവസത്തിനകമായിരുന്നു വിവാദ ഉത്തരവ് പുറത്തിറങ്ങിയത്.
മന്ത്രിയറിയാതെ
എക്സൈസ് മന്ത്രി എം. ലിജു അറിയാതെ ഫയലുകള്‍ നീങ്ങിയത് എങ്ങനെയെന്ന ചോദ്യത്തിന്മേല് വരുംദിവസങ്ങളില്‍ കടുത്ത വകുപ്പുതല നടപടികള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ബേക്കറികൾ വഴി ഫോർട്ടിഫൈഡ് വൈൻ വിതരണം ചെയ്യുന്നതു മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും സംഭവത്തിൽ എക്സൈസ് കമ്മിഷണറോട് അടിയന്തര റിപ്പോർട്ട് തേടിയതായും എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. നീക്കം സർക്കാരിന്റെയോ യുഡിഎഫിന്റെയോ നയമായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥതലത്തിൽ ഇത്തരമൊരു തീരുമാനമെടുത്തതിൽ മുഖ്യമന്ത്രിയും അതൃപ്തി പ്രകടിപ്പിച്ചു.
നിയമപ്രകാരമെന്ന് എക്സൈസ് കമ്മിഷണറേറ്റ്
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് ,തങ്ങള്‍ എടുത്ത നടപടികള്‍ പൂര്‍ണമായും നിലവിലുള്ള നിയമപ്രകാരമാണെന്ന നിലപാടിലാണ് എക്സൈസ് കമ്മിഷണറേറ്റ് അധികൃതര്‍. ചട്ടങ്ങൾക്കു വിധേയമായാണ് ലൈസന്‍സ് അനുമതി നല്‍കിയതെന്നും ഇതില്‍ അസാധാരണമായി ഒന്നുമില്ലെന്നുമാണ് വിശദീകരണം. ഹോര്‍ട്ടിവൈന്‍ വില്പനയ്ക്കുള്ള ലൈസന്‍സുകള്‍ വിതരണം ചെയ്തത് കഴിഞ്ഞ ജൂണിലാണ്. അതതു സമയത്തെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത് എന്ന വിവരവും പുറത്തുവരുന്നുണ്ട്.
10,000 രൂപയാണ് വാര്‍ഷിക ലൈസന്‍സ് ഫീസ്. അബ്കാരി നിയമത്തില്‍ ഭേഗദതി വരുത്തിയാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ഇത്തരത്തില്‍ വൈന്‍ ലൈസന്‍സ് എടുക്കുന്ന ബേക്കറികള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക് 20 ശതമാനം കമ്മിഷനാണ് നിശ്ചയിച്ചിട്ടുള്ളത്. 2024ല്‍ അടിയന്തരമായി നടപ്പാക്കണമെന്ന ശിപാര്‍ശയോടെയാണ് ഉത്തരവിറക്കിയതെങ്കിലും എതിര്‍പ്പ് ഭയന്ന് തീരുമാനം നീട്ടിക്കൊണ്ടു പോകുകയായിരുന്നു.
പിണറായി സർക്കാർ വക അനുമതി
കേരളത്തിൽ ഇതാദ്യമായാണ് ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വില്പനയ്ക്ക് അനുമതി നൽകിയത്. 15.5 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വൈൻ ഉത്പാദനത്തിന് അനുമതി നൽകിയത് ഇടതു സർക്കാരായിരുന്നു. 2022 -23 ലെ മദ്യനയ പ്രകാരമായിരുന്നു നടപടികള്‍.
2024 ജനുവരി 24 നാണ് ഇതു സംബന്ധിച്ച അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി രണ്ടാം പിണറായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഫോറിന് ലിക്വര്‍ അമെന്‍ഡ്മെന്റ് റൂള്‍ എന്ന പേരിലാണ് ഇതു സംബന്ധിച്ച ചട്ടം കൊണ്ടുവന്നത്. ഹോര്‍ട്ടി വൈനിന്റെ ചില്ലറവില്പന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ചട്ടം.
സാധാരണ വൈനിന് എന്ന പോലെ 86 ശതമാനം നികുതി ചുമത്തി നിയമ ഭേദഗതി കൊണ്ടുവന്നു. ഉത്പാദനത്തിന് അപേക്ഷകള്‍ കിട്ടി. അടുത്ത പടിയായി ബെവ്കോ ഷോപ്പുകള്‍ അല്ലാതെ പുറത്തു വിൽക്കാനുളള അനുമതി കൊടുത്ത് ചട്ടം ഭേദഗതി ചെയ്തു.
100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വിൽപന ശാലകള്‍ക്കു ഫീസ് അടച്ച് അനുമതി നേടാമെന്നായിരുന്നു വ്യവസ്ഥ. 2025 സെപ്റ്റംബറിൽ 10 ചതുരശ്ര മീറ്ററായി ചുരുക്കി. എന്നാൽ, ഇതിനു വിൽപനാനുമതി തേടി അപേക്ഷയെത്തിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ജൂണിൽ കിട്ടിയ അപേക്ഷ അംഗീകരിച്ചായിരുന്നു ചാലക്കുടിയിൽ വിൽപനാനുമതി നൽകിയത്.
