മദ്യലഹരിയിൽ ഡൽഹിയിലെ ഒരു തുറന്ന ഓടയിൽ വീണ അമേരിക്കൻ വനിത, തന്നെ രക്ഷിക്കാൻ എത്തിയ നാട്ടുകാരോട് അപമര്യാദയായി പെരുമാറിയത് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. മഹിപാൽപൂർ പ്രദേശത്തുള്ള നാഷണൽ ഹൈവേ-48-ന്റെ സർവീസ് റോഡരികിലെ ആഴമേറിയ ഓടയിലാണ് ഈ സംഭവം നടന്നത്.
മദ്യലഹരിയിലായിരുന്ന വിദേശ വനിത, റോഡരികിലൂടെ നടക്കുന്നതിനിടെ കാൽതെറ്റി ചെളിയും വെള്ളവും നിറഞ്ഞ ആഴമേറിയ തുറന്ന ഓടയിലേക്ക് വീഴുകയായിരുന്നു.
ചെളിയിൽ കുടുങ്ങി പുറത്തുകടക്കാൻ വിഷമിച്ച ഇവർക്ക് സഹായവുമായി നാട്ടുകാരും വഴിയാത്രക്കാരും എത്തിയെങ്കിലും, അവർ സഹകരിക്കാൻ തയ്യാറായില്ല. പകരം, തന്നെ രക്ഷിക്കാൻ ശ്രമിച്ചവരോട് ഇവർ ഇംഗ്ലീഷിലും സ്വന്തം ഭാഷയിലുമായി കയർക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇത് പ്രദേശത്ത് ഏകദേശം ഒരു മണിക്കൂറോളം നീണ്ട ബഹളത്തിന് കാരണമായി.
നാട്ടുകാർ ഏറെ പണിപ്പെട്ട് ഇവരെ ഓടയിൽ നിന്ന് പുറത്തെടുക്കുകയും, ഓടയിലെ മലിനജലവും ചെളിയും കാരണം ചെറിയ പരിക്കുകൾ പറ്റിയ ഇവരെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം, സൗത്ത് വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അമിത് ഗോയൽ നൽകിയ വിവരമനുസരിച്ച്, ഈ അമേരിക്കൻ പൗരയെ പിന്നീട് അവരുടെ രാജ്യത്തിന്റെ എംബസി അധികാരികൾക്ക് കൈമാറി.
