തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നടന്ന ആയുധപൂജ ആഘോഷങ്ങളിൽ സാങ്കേതികവിദ്യയുടെയും പാരമ്പര്യത്തിന്റെയും വിസ്മയകരമായ കാഴ്ച. പരമ്പരാഗത രീതിയിൽ ആയുധങ്ങളും യന്ത്രങ്ങളും പൂജിക്കുന്ന ചടങ്ങിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയുള്ള ഹ്യൂമനോയ്ഡ് റോബോട്ടുകൾ നേരിട്ട് പൂജകളിൽ പങ്കെടുത്ത് ശ്രദ്ധേയമായി.
കോയമ്പത്തൂരിലെ ആർ.എസ്. പുരത്തുള്ള ഒരു റോബോട്ടിക്സ് കമ്പനിയിലാണ് ഈ വ്യത്യസ്തമായ ആഘോഷം നടന്നത്. ‘മിറാക്കിൽ’ വികസിപ്പിച്ചെടുത്ത വിദ്യാഭ്യാസ, അവബോധ നിർമിത റോബോട്ടുകളാണ് പൂജാകർമങ്ങളിൽ പങ്കെടുത്തത്.
ചടങ്ങുകൾക്കിടയിൽ ഒരു ഹ്യൂമനോയ്ഡ് റോബോട്ട് സ്വന്തമായി കർപ്പൂരം കത്തിക്കുകയും ദൈവത്തിന് മുന്നിൽ ധൂപം കാട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. സാധാരണയായി മനുഷ്യർ മാത്രം ചെയ്തുവരുന്ന ചടങ്ങുകളാണ് റോബോട്ട് നിർവ്വഹിച്ചത്.
ജോലിസ്ഥലങ്ങളിലെ ഉപകരണങ്ങളെയും യന്ത്രങ്ങളെയും ആരാധിക്കുന്ന ആയുധപൂജയുടെ ഭാഗമായി, റോബോട്ടുകളുടെ സ്പെയർ പാർട്സുകളും പരമ്പരാഗത രീതിയിൽ പൂജിച്ചു. മനുഷ്യന്റെ ദൈനംദിന ജോലികളിലും ഫാക്ടറികൾക്ക് പുറത്തുള്ള രംഗങ്ങളിലും എഐ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ഉദാഹരണമായി ഈ സംഭവം മാറി.
പരമ്പരാഗത വിശ്വാസങ്ങളും ആധുനിക സാങ്കേതികവിദ്യയും ഒരേ വേദിയിൽ ഒത്തുകൂടിയ ഈ അപൂർവ്വ കാഴ്ച ഏവരുടെയും കൗതുകമുണർത്തിയിരിക്കുകയാണ്.
