പത്ത് മണിക്കൂർ നീണ്ട വിമാനയാത്രയിൽ ഐസിൽ സീറ്റ് മാറ്റിനൽകാൻ വിസമ്മതിച്ച ട്രാവൽ ബ്ലോഗർക്ക് നേരെ യാത്രക്കാരിയുടെ പരാതി. ഭർത്താവിനൊപ്പം ഇരിക്കാൻ സീറ്റ് മാറിനൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബ്ലോഗർ ഇതിന് തയ്യാറായില്ല. തുടർന്ന് യുവതി മൂന്ന് മണിക്കൂറോളം കരഞ്ഞതായി ട്രാവൽ ബ്ലോഗർ ടോമിക ഹാർവെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവെച്ചു. ഇസ്താംബൂളിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക് ഉള്ള ദീർഘദൂര വിമാന യാത്രയിലായിരുന്നു സംഭവം.
കസാക്കിസ്ഥാനിൽ നിന്ന് പിതാവിന്റെ മരണശേഷം മടങ്ങിവരികയായിരുന്നു ടോമിക ഹാർവെ. താൻ തെരഞ്ഞെടുത്ത ഐസിൽ സീറ്റ് മാറാൻ വിസമ്മതിച്ചതിനെ തുടർന്ന് തൊട്ടടുത്ത ഇരുന്ന വനിതാ യാത്രക്കാരി പൊട്ടിക്കരയുകയായിരുന്നു എന്ന് അവർ പറഞ്ഞു.
തുടർച്ചയായി കരയുന്നത് കണ്ടപ്പോൾ ആരെങ്കിലും മരിച്ചോ എന്ന് താൻ ചോദിച്ചതായി ടോമിക വ്യക്തമാക്കി. എന്നാൽ ആരും മരിച്ചിട്ടില്ലെന്നും ഭർത്താവിനെ മിസ്സ് ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ തോളിൽ തലവെച്ച് ഉറങ്ങാൻ വേണ്ടിയാണ് സീറ്റ് ചോദിച്ചതെന്നുമായിരുന്നു ആ സ്ത്രീയുടെ മറുപടി. എന്നാൽ രണ്ട് വരികൾക്ക് മുന്നിൽ മിഡിൽ സീറ്റിലായിരുന്നു ആ സ്ത്രീയുടെ ഭർത്താവ് ഇരുന്നിരുന്നത്. ഭർത്താവ് ഹെഡ്ഫോൺ വെച്ച് ഉറങ്ങുകയും ചെയ്തിരുന്നു.
ദീർഘദൂര യാത്രകളിൽ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാതെ മറ്റുള്ളവരോട് സീറ്റ് മാറിത്തരാൻ ആവശ്യപ്പെടുന്ന പ്രവണതയെ ടോമിക ചോദ്യം ചെയ്തു. ഒരുമിച്ച് ഇരിക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യുകയോ അതിനായി പണം നൽകുകയോ ചെയ്യണമെന്നും അവർ ചൂണ്ടിക്കാണിച്ചു.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ വീഡിയോ വലിയ ചർച്ചയായിട്ടുണ്ട്. ടോമികയുടെ തീരുമാനത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സീറ്റ് ബുക്ക് ചെയ്യാതെ മറ്റുള്ളവരുടെ മേൽ കുറ്റബോധം അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും, പണം ലാഭിക്കാൻ വേണ്ടി മാത്രം സീറ്റ് ബുക്ക് ചെയ്യാത്തവർക്ക് മറ്റുള്ളവർ ബുദ്ധിമുട്ടേണ്ടതില്ലെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
