നടി അഞ്ജു കുര്യൻ പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അഞ്ജുവിന്റെ പ്രതിശ്രുത വരൻ നൽകിയ സർപ്രൈസാണ് താരം ആരാധകർക്കായി പങ്കുവച്ചത്. യാത്രയ്ക്കിടയിൽ കാമുകനും പ്രതിശ്രുത വരനുമായ റോഷൻ സർപ്രൈസ് ആയി ഡയമണ്ട് മോതിരം നൽകുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്റെ അദ്ഭുതവും ആവേശവും അഞ്ജു കുര്യൻ മറച്ചു വച്ചില്ല.
അഞ്ജുവിന്റെ വാക്കുകൾ: ജോലിയുടെ ഭാഗമായുള്ള ഒരു യാത്രയ്ക്കിടയിൽ, തികച്ചും സാധാരണമായ ഒരു ദിവസത്തെ എന്റെ ജീവിതകാലം മുഴുവൻ താലോലിക്കാൻ പോന്നൊരു മനോഹര ഓർമ്മയാക്കി മാറ്റി റോഷൻ. ബാഹ്യലോകത്തിന്റെ ബഹളങ്ങളിൽ നിന്നകന്ന്, പ്രകൃതിയുടെ മടിത്തട്ടിൽ ഞങ്ങൾ മാത്രമായി ചെലവഴിച്ച ആ നിമിഷങ്ങൾ.
സത്യത്തിൽ ഒരു സ്വപ്നത്തിൽ ജീവിക്കുന്നതു പോലെ അത്രമേൽ മാന്ത്രികമായിരുന്നു! നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഇത്തരം കൊച്ചു കൊച്ചു സർപ്രൈസുകളും, അതിനു പിന്നിലുള്ള ആത്മാർത്ഥമായ കരുതലുമാണ് പ്രണയത്തെ ഇത്രമേൽ അവിസ്മരണീയമാക്കുന്നത്.
പല ദിവസങ്ങളിലെ അഞ്ജുവിനെ കാണിച്ചുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. അഞ്ജുവിന് ഈ മോതിരം നൽകാനുള്ള അവസരത്തിനായി കാത്തുനിൽക്കുകയാണ് റോഷൻ. എന്നാൽ, അഞ്ജു ഇതൊന്നും അറിയാതെ തന്റെ ജോലിയിൽ തുടരുകയാണ്. ഒടുവിൽ, അഞ്ജുവിന് മുൻപിൽ മുട്ടുകുത്തി നിന്നുകൊണ്ട് മോതിരം സമ്മാനിക്കുകയാണ് റോഷൻ. സർപ്രൈസ് സമ്മാനം കണ്ട് അമ്പരന്നു നിൽക്കുന്ന അഞ്ജുവിനെയും വിഡിയോയിൽ കാണാം.
