ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ സാംജിയോൺ പർവ്വത ടൂറിസം മേഖല സന്ദർശിക്കവേ സിഗരറ്റ് വലിക്കുന്ന ചിത്രങ്ങൾ പുറത്ത്. മകൾ കിം ജു എ അടുത്തുള്ള റിസോർട്ടിൽ സ്കീയിംഗ് ആസ്വദിക്കുന്നതിനിടയിലാണ് കിം ജോങ് ഉൻ വിശ്രമവേളയിൽ സിഗരറ്റ് വലിച്ചത്. ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമമാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടത്.
പ്രധാന ടൂറിസം, ഇൻഫ്രാസ്ട്രക്ചർ പദ്ധതികളുടെ പരിശോധനയ്ക്കായി നവംബർ 15, 16 തീയതികളിലാണ് കിം ജോങ് ഉൻ സാംജിയോൺ സന്ദർശിച്ചത്. ഭാര്യ റി സോൽ ജു, ഇളയ സഹോദരി കിം യോ ജോങ്, ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും കിമ്മിനൊപ്പം ഉണ്ടായിരുന്നു.
സാംജിയോൺ ടൂറിസ്റ്റ് ജില്ലയുടെ വികസന പ്രവർത്തനങ്ങളും ബുക്പോ-തായി പർവ്വത മേഖലയിലെ സ്കീ റിസോർട്ടിന്റെ നവീകരണ ജോലികളും കിം വിലയിരുത്തി. കൂടാതെ പെയ്ക്തു പർവ്വതത്തിന് ചുറ്റുമുള്ള നിർമാണ പ്രവർത്തനങ്ങളും അദ്ദേഹം പരിശോധിച്ചു. ഉത്തരകൊറിയയുടെ രാഷ്ട്രീയ ചരിത്രത്തിലും ഭരണാധികാരികളുടെ ഔദ്യോഗിക പാരമ്പര്യത്തിലും വലിയ പ്രാധാന്യമുള്ള പ്രകൃതിരമണീയമായ സ്ഥലമാണ് പെയ്ക്തു പർവ്വതം.
