വിവാഹമോചനം ഒരു പരാജയമായി കാണുന്നതിന് പകരം ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്റെ തുടക്കമായി ആഘോഷമാക്കി ദക്ഷിണ കൊറിയൻ യുവതി. 37-കാരിയായ കണ്ടന്റ് ക്രിയേറ്ററും സിംഗിൾ മദറുമായ ചോ സ്യൂങ്-യോൺ ആണ് അടുത്ത സുഹൃത്തുക്കൾക്കൊപ്പം വിപുലമായ ‘ഡിവോഴ്സ് പാർട്ടി’ സംഘടിപ്പിച്ചത്.
വിവാഹമോചിതരായ സ്ത്രീകളോട് സമൂഹത്തിനുള്ള കാഴ്ചപ്പാടുകളെയും മുൻവിധികളെയും തിരുത്തിക്കുറിക്കാനും, വിവാഹബന്ധത്തിന് അപ്പുറത്തുള്ള തന്റെ വ്യക്തിത്വം വീണ്ടെടുക്കാനുമാണ് ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചതെന്ന് ചോ വ്യക്തമാക്കി. ‘നിങ്ങളുടെ വിവാഹത്തേക്കാൾ മികച്ചതായിരുന്നു വിവാഹമോചന ചടങ്ങ്’ എന്ന കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
തിളങ്ങുന്ന വസ്ത്രമണിഞ്ഞ് എത്തിയ ചോ, സുഹൃത്തുക്കളുടെ ആരവങ്ങൾക്കിടയിൽ വലിയ കേക്ക് മുറിച്ചും പ്രസംഗം നടത്തിയുമാണ് ചടങ്ങ് ആഘോഷമാക്കിയത്. ദാമ്പത്യ ജീവിതത്തോടുള്ള വിടവാങ്ങൽ എന്നതിലുപരി സൗഹൃദത്തിന്റെയും പിന്തുണയുടെയും ആഘോഷമായാണ് ഈ ഒത്തുചേരൽ മാറിയത്. “എന്നെ സഹായിച്ച എന്റെ പ്രിയപ്പെട്ടവർക്ക് നന്ദി. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു!” എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്.
വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വരുന്നത്. സ്വന്തം സന്തോഷത്തിന് മുൻഗണന നൽകാനും പുതിയൊരു ജീവിതം ആത്മവിശ്വാസത്തോടെ തുടങ്ങാനും തീരുമാനിച്ച ചോയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.
