കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ മോസ്കിനുള്ളിൽ ഒളിച്ചിരുന്ന ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. ദക്ഷിണ കശ്മീരിൽ സജീവമായിരുന്ന അവസാനത്തെ പ്രാദേശിക ഭീകര കമാൻഡറായിരുന്നു ഇയാൾ എന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കുൽഗാം ജില്ലയിലെ സംഗൽപോറ ഗ്രാമത്തിലെ ഒരു മൂന്ന് നില മോസ്കിനുള്ളിലാണ് ലത്തീഫ് ഭട്ട് ഒളിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് പുലർച്ചെയാണ് ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സി.ആർ.പി.എഫും സംയുക്തമായി പ്രദേശം വളഞ്ഞത്.
ആരാധനാലയത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ സുരക്ഷാ സേന അതീവ സംയമനം പാലിച്ചിരുന്നു. വീഡിയോ കോളിലൂടെയും ഉച്ചഭാഷിണികളിലൂടെയും കീഴടങ്ങാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വിസമ്മതിക്കുകയും സേനയ്ക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. തുടർന്നുണ്ടായ പ്രത്യാക്രമണത്തിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.
നവംബർ 11-ന് അഖ്റനിലെ സി.ആർ.പി.എഫ് ചെക്ക്പോസ്റ്റിന് നേരെ നടന്ന ആക്രമണത്തിലെ പ്രധാന പ്രതിയായിരുന്നു ലത്തീഫ് ഭട്ട്. ഈ ആക്രമണത്തിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച ലാറൂ മേഖലയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ഇയാളുടെ സഹായി ഉമർ നിസാർ ദാർ കൊല്ലപ്പെട്ടിരുന്നു
ലത്തീഫ് ഭട്ടിന് ഒളിത്താവളം ഒരുക്കിയത് ഉമർ നിസാർ
കുൽഗാമിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നിസാർ ദർ ലഷ്കർ ഇ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിന് ആറു മാസത്തോളം ഒളിത്താവളവും സഹായങ്ങളും നൽകിയതായി റിപ്പോർട്ട്.
ലഷ്കർ ഇ തൊയ്ബയുടെ ഭാഗമായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ടിൽ’ ചേർന്നതിനു പിന്നാലെയാണ് ഉമർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
സിആർപിഎഫിനു നേർക്കുണ്ടായ ആക്രമണത്തിനു മുൻപായി ഇരുവരും ചേർന്ന് പ്രദേശം നിരീക്ഷിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.
