പത്തരമാറ്റിന്‍ തിളക്കവുമായി ഗായത്രി

gayaഅഭിനയത്തോടൊപ്പം ആഭരണ ഡിസൈന്‍ രംഗത്തും കഴിവു തെളിയിച്ചിരിക്കുകയാണ് ഗായത്രി. കഴിഞ്ഞ 20 വര്‍ഷമായി സിനിമ-സീരിയല്‍ രംഗത്തുള്ള ഗായത്രിയുടെ മേല്‍നോട്ടത്തിലാണ് തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ വര്‍ഷ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. പഴമ നഷ്ടപ്പെടാതെ കേരളത്തനിമയിലുള്ള ഒരു ഗ്രാം കോപ്പര്‍ ആഭരണങ്ങളും നൃത്തത്തിന് ആവശ്യമായ ആഭരണങ്ങളുമെല്ലാം ഇവിടെ നിന്നു വാങ്ങാം.

അഭിനയരംഗത്തേക്ക്

അഭിനയത്തോടു യാതൊരു അഭിനിവേശവുമില്ലാത്ത ഗായത്രി യാദൃച്ഛികമായാണ് വെള്ളിത്തിരയിലെത്തുന്നത്. 18 വര്‍ഷം മുമ്പ് സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ.ബിഎഡ് എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഗായത്രിയെ തേടിയെത്തുകയായിരുന്നു. നടന്‍ ജയറാമിനോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ് ഗായത്രി ഈ സിനിമയില്‍ അഭിനയിച്ചതും. മീശമാധവന്‍, തലപ്പാവ്, പത്രം, നന്ദനം, റോമന്‍സ്, സെവന്‍ത് ഡേ ഉള്‍പ്പെടെ 100 ഓളം സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരം ഗായത്രിക്കുണ്ടായി. അകത്തളം, സ്ത്രീപര്‍വം, വീട്ടമ്മ എന്നീ ഷോകളിലും ഗായത്രി അവതാരകയായി. സ്ത്രീധനം, സ്വരം, ഭദ്ര, ദുര്‍ഗ തുടങ്ങി 40ല്‍ അധികം സീരിയലുകളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്. അകത്തളം, സ്ത്രീപര്‍വം, വീട്ടമ്മ എന്നീ പരിപാടികളുടെ അവതാരകയുമായി ഗായത്രി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വര്‍ഷ ജ്വല്ലറിയുടെ പിറവി

അഞ്ചു വര്‍ഷം മുമ്പ് വളരെ യാദൃച്ഛികമായിട്ടാണ് ഗായത്രി ആഭരണ ഡിസൈന്‍ രംഗത്തേക്കു പ്രവേശിക്കുന്നത്. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ ഒരു സുഹൃത്തിന്റേതായിരുന്നു വര്‍ഷ ജ്വല്ലറി. ഒരു ഗ്രാം സ്വര്‍ണാഭരണങ്ങളുടെ വില്‍പനയുള്ള ഈ ജ്വല്ലറിയിലേക്ക് ഡാന്‍സ് ആഭരണങ്ങള്‍ ഗായത്രി ഡിസൈന്‍ ചെയ്തു കൊടുക്കാറുണ്ടായിരുന്നു. ഡാന്‍സ് ആഭരണങ്ങള്‍ വളരെ ഹിറ്റായതോടെയാണ് ഗായത്രി ഈ രംഗത്തേക്കു കൂടുതല്‍ സജീവമായത്. അങ്ങനെ 2008 മുതല്‍ വര്‍ഷ ജ്വല്ലറിയിലെ വിവിധ ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് ഗായത്രി തന്നെയാണ്.

ഒരു ഗ്രാം സീരീസിലുള്ള ആഭരണങ്ങളാണ് ഇവിടെയുള്ളത്. ഗായത്രി ഡിസൈന്‍ ചെയ്യുന്ന ആഭരണങ്ങള്‍ പരമ്പരാഗത തട്ടാന്മാരാണ് പണിയുന്നത്. പത്തോളം സ്വര്‍ണപ്പണിക്കാരാണ് വര്‍ഷ ജ്വല്ലറിയിലേക്കുള്ള ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്. നിര്‍മാണ വസ്തുക്കളും കളറുകളുമെല്ലാം ഇവിടെത്തന്നെയാണ് ഉണ്ടാക്കിയെടുക്കുന്നത്. കോപ്പര്‍ ബേസ്ഡ് മെറ്റലില്‍ 24 കാരറ്റ് തങ്കം ഫോം ചെയ്താണ് ആഭരണങ്ങള്‍ നിര്‍മിക്കുന്നത്. ചെമ്പാണെങ്കില്‍ ആഭരണങ്ങള്‍ ക്ലാവു പിടിക്കുമെന്ന പേടി വേണ്ട.

ചര്‍മപ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല. ഹാന്‍ഡ് മെയ്ഡ് ആയതിനാല്‍ കസ്റ്റമര്‍ ആവശ്യപ്പെടുന്ന ഏതു ഡിസൈനും ചെയ്തു കൊടുക്കാനുമാകും. മറ്റ് ആഭരണങ്ങള്‍ ഉപയോഗിക്കുന്നതുപോലെ സെമി പ്രഷ്യസ് സ്റ്റോണുകളും ഉപയോഗിച്ചാണ് ആഭരണങ്ങള്‍ നിര്‍മിക്കുന്നത്. ഡയമണ്ട് ആഭരണങ്ങള്‍ക്കായി സിര്‍ക്കോണിയയാണ് ഉപയോഗിക്കുന്നത്. ഈ കല്ലുകള്‍ക്ക് താരതമ്യേന ചെലവു കുറവുമാണ്. ആഭരണങ്ങള്‍ക്ക് സ്വര്‍ണത്തില്‍ എത്ര തൂക്കം വരുന്നുവോ അതേ തൂക്കത്തില്‍ തന്നെയാണ് ഇവിടെയും നിര്‍മിച്ചു നല്‍കുന്നത്. 300 മുതല്‍ 40,000 രൂപ വരെയാണ് ആഭരണങ്ങളുടെ വില. 5000ലധികം ഡിസൈനുകളിലുള്ള ആഭരണങ്ങളാണ് ഇവിടെയുള്ളത്. ഒരു വര്‍ഷത്തെ റിപ്ലേസ്‌മെന്റ് ഗാരന്റിയും ലൈഫ് ടൈം സര്‍വീസ് ചാര്‍ജും നല്‍കുന്നുണ്ട്.

ഒരു ദിവസം മുതല്‍ രണ്ടുമാസം വരെ സമയം എടുത്തു പണി തീര്‍ക്കുന്ന ആഭരണങ്ങളുണ്ട്. തൊഴിലാളികള്‍ക്കു നല്‍കുന്ന പണിക്കൂലി കൂടുതലാണ്. അതിനനുസരിച്ചുള്ള ലാഭവും കിട്ടുന്നില്ല. എങ്കിലും ഈ മേഖലയോടുള്ള താല്‍പര്യമൊന്നുമാത്രമാണ് ഗായത്രിയെ ആഭരണ ഡിസൈന്‍ മേഖലയില്‍ പിടിച്ചുനിര്‍ത്തിയിരിക്കുന്നത്.
gayathri
വൈവിധ്യമാര്‍ന്ന ആഭരണശ്രേണി

അഞ്ച് വിഭാഗങ്ങളിലായാണ് വര്‍ഷ ജ്വല്ലറിയില്‍ ആഭരണ ശേഖരമൊരുക്കിയിരിക്കുന്നത്.

മേഘമല്‍ഹാര്‍

ആന്റിക് ആഭരണങ്ങളാണ് ഈ വിഭാഗത്തിലെ സവിശേഷത. ബ്രൈഡല്‍ കളക്ഷന്‍സാണ് ഇതിലുള്ളത്.

ദേവാംഗന

ട്രഡീഷണല്‍ ആഭരണങ്ങളുടെ ശേഖരമാണിത്. പാലയ്ക്കാമാല, ശരപുളിമാല, ലക്ഷ്മിമാല, കസവുമാല, മാമ്പൂത്താലി, കൂട്ടത്താലി തുടങ്ങി പഴമയിലേക്കു മറഞ്ഞുക്കൊണ്ടിരിക്കുന്ന പല ആഭരണങ്ങളും ഈ ശേഖരത്തിലുണ്ട്.

ദേവരാഗ

ടെംപിള്‍ ആഭരണങ്ങളും ഡാന്‍സിനുള്ള ആഭരണങ്ങളുമാണ് ഇക്കൂട്ടത്തിലുള്ളത്. തമിഴ്‌നാട് ഡിസൈനുകളിലാണ് ഇവ പണിതിരിക്കുന്നത്. ടെംപിള്‍ ജ്വല്ലറിയുടെ വിപുലമായ ശേഖരവുമുണ്ട്.
orna
ഓറ

ഡയമണ്ട് ആഭരണങ്ങളാണ് ഓറ കളക്ഷന്‍സിലുള്ളത്. ഡയമണ്ടിനു പകരം സിര്‍ക്കോണിയ എന്ന കല്ലിലാണ് ആഭരണങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.

സ്‌പെട്രെ

ട്രെന്‍ഡി ആഭരണങ്ങളാണ് ഈ വിഭാഗത്തിലെ പ്രത്യേകത. ടീനേജേഴ്‌സിനു വേണ്ട ആഭരണങ്ങള്‍ ഈ വിഭാഗത്തില്‍ നിന്നു സ്വന്തമാക്കാം. കളര്‍ഫുളായിട്ടുള്ള ആഭരണങ്ങളാണിവ.

യാത്രകള്‍ ഇഷ്ടപ്പെടുന്ന ഗായത്രി

ഗായത്രിക്കു യാത്രകള്‍ വളരെ ഇഷ്ടമാണ്. പഴയകാലത്തെ ഡിസൈനുകള്‍ ശേഖരിക്കാന്‍ ഈ യാത്രകള്‍ പലപ്പോഴും സഹായിച്ചിട്ടുണ്ടെന്നു ഗായത്രി പറയുന്നു. “പഴയ കോവിലകങ്ങളില്‍ നിന്നാണ് മുക്കോലാക്ക്, കുഴല്‍ മോതിരം, ഒറ്റത്താലി എന്നീ ആഭരണങ്ങള്‍ കണ്ടത്. പിന്നീട് അത്തരത്തില്‍ ഞാന്‍ ഡിസൈന്‍ ചെയ്തുകൊടുത്ത് ആഭരണങ്ങള്‍ ഉണ്ടാക്കി. പഴയ കാലത്തെ ആഭരണശേഖരങ്ങള്‍ മനസിലാക്കാനായി പലയിടങ്ങളിലേക്കും ഞാന്‍ യാത്ര ചെയ്യാറുണ്ട്’- ഗായത്രി പറഞ്ഞു.

സെലിബ്രിറ്റിയായതിനാല്‍ ഗായത്രിയുടെ ജ്വല്ലറിയില്‍ നിരവധിപ്പേര്‍ ആഭരണം വാങ്ങാന്‍ വരാറുണ്ട്. കസ്റ്റമര്‍ ഡിസൈന്‍ പറഞ്ഞാലും അവര്‍ക്ക് ചേരുന്നതാണെങ്കില്‍ മാത്രമേ അതു വാങ്ങിയാല്‍ മതിയെന്നു ഗായത്രി പറയും.

പ്രദര്‍ശനങ്ങളിലൂടെ വില്‍പന

ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ ഗായത്രി ആഭരണ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. ചെന്നൈ, മാംഗളൂര്‍ എന്നിവിടങ്ങളിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലും പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. നടന്ന ഇന്ത്യന്‍ ഫാഷന്‍ ജ്വല്ലറി ആന്‍ഡ് ആക്‌സസറീസ് ഷോ (കഎഖഅട) യില്‍ വര്‍ഷ ജ്വല്ലറി പങ്കെടുക്കുകയുണ്ടായി. പ്രദര്‍ശനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ഏക ജ്വല്ലറിയും വര്‍ഷ തന്നെയായിരുന്നു.

സീമ

Related posts