അബ്ദുള്ളക്കുട്ടി അദ്ഭുതക്കുട്ടിയാവുമോ ? എ.പി അബ്ദുള്ളക്കുട്ടി ബിജെപി അധ്യക്ഷനാകുമോയെന്ന ആശങ്കയില്‍ നേതാക്കള്‍; ബിജെപി അധ്യക്ഷനെ കണ്ടെത്താനുള്ള പുതിയ നീക്കങ്ങള്‍ ഇങ്ങനെ…

പല പാര്‍ട്ടികള്‍ ചാടി അടുത്തിടെ ബിജെപിയിലെത്തിയ എ.പി അബ്ദുള്ളക്കുട്ടി ബിജെപി അധ്യക്ഷ സ്ഥാനം കൊണ്ടുപോകുമോയെന്ന ആശങ്കയില്‍ പ്രമുഖ നേതാക്കള്‍. മുന്‍ അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും പുതിയ അധ്യക്ഷനെ കണ്ടെത്താനാവാതെ വലയുകയാണ് ബിജെപി. ഗ്രൂപ്പ പോരാണ് പാര്‍ട്ടിയെ വലയ്ക്കുന്നത്. കുമ്മനത്തിന്റെയും കെ.സുരേന്ദ്രന്റെയും പേരുകളാണ് പ്രധാനമായും ഉയര്‍ന്നതെങ്കിലും ശോഭ സുരേന്ദ്രന്റെയും എംടി രമേശിന്റെയുമെല്ലാം പേരുകള്‍ ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വന്നതോടെ ഗ്രൂപ്പുപോര് പരസ്യമായ രഹസ്യമായി.

ഇതിനാല്‍ തന്നെ പ്രത്യേകിച്ച് ഗ്രൂപ്പുകളിലൊന്നുമില്ലാത്ത നിലവിലെ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്ക് നറുക്ക് വീഴാന്‍ സാധ്യതയുണ്ടെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പൗരത്വബില്ലിനെതിരേ നടന്ന പ്രതിഷേധങ്ങളെ നഖശിഖാന്തം എതിര്‍ത്ത വ്യക്തികൂടിയാണ് അബ്ദുള്ളക്കുട്ടി.മാത്രമല്ല ന്യൂനപക്ഷക്കാരനെ അധ്യക്ഷനാക്കിയാല്‍ അതും ഗുണം ചെയ്യുമെന്ന് ഒരു കൂട്ടര്‍ കരുതുന്നു.

മുമ്പ് കെ. സുരേന്ദ്രനുമായി മുരളീധര പക്ഷവും എം ടി രമേശിനായി കൃഷ്ണദാസ് പക്ഷവും നീക്കം നടത്തുന്നുണ്ട്. ഗ്രൂപ്പുകള്‍ക്കതീതമായി ശോഭ സുരേന്ദ്രന്റെ പേരും ചിലര്‍ നിര്‍ദ്ദേശിക്കുന്നു. കുമ്മനത്തെ വീണ്ടും അധ്യക്ഷനാക്കണമെന്ന് ആര്‍എസ്എസിന്റെ സമ്മര്‍ദ്ദവുമുണ്ട്. പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള റാലിയ്്ക്കായി അമിത്ഷാ 15ന് കേരളത്തിലെത്തുന്നതിനു മുമ്പ് സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുക്കാനാണ് ഇപ്പോള്‍ തിരക്കിട്ട നീക്കം നടക്കുന്നത്.

പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അബ്ദുള്ളക്കുട്ടി രംഗത്തു വന്നിരുന്നു.
ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറയാന്‍ അത് പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ലെന്ന് ആയിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം. ലോക്സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണത്. ആ നിയമം നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടി സെക്രട്ടറി പണിക്കു പോകാമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടിയ്ക്ക് നറുക്ക് വീഴാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Related posts