അഭിനന്ദന്‍ വര്‍ധമാന്റെ മോതിരവും വാച്ചും കണ്ണടയും ഭദ്രമായി തിരിച്ചേല്‍പ്പിച്ചു! ഇന്ത്യയുടെ അഭിമാനമായ വിംഗ് കമാന്‍ഡറുടെ കൈവശമുണ്ടായിരുന്ന തോക്ക് മാത്രം തിരികെ നല്‍കിയില്ല

രാജ്യത്തിന്റെ നയതന്ത്ര വിജയത്തിന്റെ ഭാഗമായി അഭിനന്ദന്‍ വര്‍ധമാനെ രാജ്യത്തിന് തിരികെ നല്‍കിയിരിക്കുകയാണ്, പാക്കിസ്ഥാന്‍. പാക് പിടിയിലായ സമയത്ത് കൈവശമുണ്ടായിരുന്ന, രാജ്യത്തെ സംബന്ധിച്ച സുപ്രധാന രേഖകളെല്ലാം അദ്ദേഹം നശിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അഭിനന്ദനെ തിരിച്ചെത്തിച്ച സമയത്ത് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന തോക്ക് പാക്കിസ്ഥാന്‍ കൈമാറിയില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അഭിനന്ദന്‍ വര്‍ധമാന്റെ വാച്ച്, മോതിരം, കണ്ണട എന്നിവ കൈമാറുകയും ചെയ്തു. അതാകട്ടെ അഭിനന്ദനെ കൈമാറി ഏതാനും ദിവസങ്ങള്‍ക്ക് ശേഷവും.

മിഗ് 21 ബേസന്‍ യുദ്ധവിമാനം തകര്‍ന്ന് പാരച്യൂട്ടില്‍ ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ തോക്കുണ്ടായിരുന്നു. ഇതുപയോഗിച്ച് തന്നെ പിടികൂടാനെത്തിയ പാക്കിസ്ഥാനിലെ തദ്ദേശവാസികളില്‍ നിന്ന് രക്ഷപെടാന്‍ അഭിനന്ദന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അഭിനന്ദനൊപ്പം പാക്കിസ്ഥാന്‍ വിട്ടു നല്‍കിയ വസ്തുക്കളുടെ പട്ടികയില്‍ തോക്കില്ല.

ഭൂപടം, അതിജീവനത്തിനുള്ള കിറ്റ്, ചില രേഖകള്‍ തുടങ്ങിയ സാധനങ്ങളും അഭിനന്ദന്റെ കൈവശമുണ്ടായിരുന്നെങ്കിലും പാക് സൈനികര്‍ പിടികൂടുന്നതിന് മുമ്പായി അദ്ദേഹം അതെല്ലാം നശിപ്പിച്ചിരുന്നു. വാഗാ അതിര്‍ത്തിയില്‍ വച്ച് അഭിനന്ദനെ കൈമാറുന്നതിനിടെ കിറ്റുകളോ ബാഗുകളോ മറ്റു സാധനങ്ങളോ അദ്ദേഹത്തിന്റെയോ ഉദ്യോഗസ്ഥരുടെയോ കൈവശമുണ്ടായിരുന്നില്ല. പിടിക്കപ്പെടുന്ന സമയത്ത് സൈനിക വേഷത്തോടൊപ്പം മോതിരവും നീല കാസിയോ ജി ഷോക്ക് വാച്ചും അദ്ദേഹം ധരിച്ചിരുന്നു.

Related posts