കമ്പല്ലൂർ (കാസർഗോഡ്): പട്ടാപ്പകൽ ഫാൻസി സ്റ്റോർ ഉടമയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. സംഭവത്തിനു പിന്നാലെ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു. കമ്പല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ സഞ്ജന സ്റ്റോർ ഉടമ കെ.ജി. ബിന്ദു (44) ആണ് ആക്രമണത്തിനിരയായത്. കമ്പല്ലൂർ സ്വദേശി എം.വി. രതീഷ് എന്ന പച്ചരി രതീഷ് (34) ആണ് ആക്രമണം നടത്തിയത്.
ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. ഇരുചക്രവാഹനത്തിലാണ് രതീഷ് കമ്പല്ലൂർ സ്കൂൾ പരിസരത്ത് എത്തിയത്. വാഹനത്തിൽ പ്ലാസ്റ്റിക് പാത്രത്തിൽ ആസിഡും പ്ലാസ്റ്റിക് കയറും കരുതിയിരുന്നു.
വാഹനം റോഡരികിൽ നിർത്തിയിട്ട ശേഷം പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് പിറകിലൂടെയാണ് രതീഷ് ബിന്ദുവിന്റെ കടയിൽ എത്തിയത്. കൈയിൽ കരുതിയിരുന്ന ആസിഡ് പ്ലാസ്റ്റിക്ക് മഗിലേക്ക് മാറ്റി ബിന്ദുവിനുനേരേ ഒഴിക്കുകയായിരുന്നു.
നിലവിളി കേട്ടെത്തിയവരാണ് ബിന്ദുവിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. മുഖത്തിന്റെ ഇടതുഭാഗത്തും കണ്ണിനും കഴുത്തിനും തുടയ്ക്കും ഗുരുതരമായി പൊള്ളലേറ്റ ബിന്ദുവിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
ആസിഡ് ആക്രമണം ബിന്ദുവിന്റെ കാഴ്ചശക്തിയെ ബാധിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. മൂന്നോ നാലോ ദിവസങ്ങൾക്കുശേഷമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂവെന്ന് ഡോക്ടർമാർ പറയുന്നു.
സ്ഥലത്തെത്തിയ ചിറ്റാരിക്കാൽ പോലീസ് പ്രതിയായ രതീഷിനെ തിരയുന്നതിനിടയിലാണ് കൊല്ലാടയിലെ പറന്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രതീഷ് തന്നെ പതിവായി ശല്യം ചെയ്യുന്നെന്ന് കാട്ടി ബിന്ദു ചിറ്റാരിക്കാൽ പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. പെരിങ്ങോത്ത് ടയർ വർക്സ് നടത്തുന്ന രാജേഷിന്റെ ഭാര്യയാണ് ബിന്ദു. കുഴൽക്കിണർ ലോറിയിലെ ജീവനക്കാരനാണ് രതീഷ്.