വീട്ടുകാര്‍ക്ക് നല്ല ഭയമുണ്ട്; സത്യം പറയുന്നതും പ്രതികരിക്കുന്നതും ഈ സമൂഹത്തിനും കൂടി വേണ്ടി; സൈബര്‍ ആക്രമണത്തില്‍ മൗനം വെടിഞ്ഞ് നടി പാര്‍വതി…

നടി പാര്‍വതി നായികയായ സിനിമയായ മൈസ്‌റ്റോറിയ്‌ക്കെതിരേ വ്യാപകമായ സൈബര്‍ ആക്രമണമാണ് നടന്നത്. കസബ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനു ശേഷമാണ് പാര്‍വതിയെ ടാര്‍ജറ്റ് ചെയ്തുള്ള സൈബര്‍ ആക്രമണം പെരുകിയത്. ഇപ്പോള്‍ ആദ്യമായി വിഷയത്തില്‍ പ്രതികരിക്കുകയാണ് നടി. ഒരു ഗള്‍ഫ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.തനിക്കെതിരെ നടക്കുന്ന ഈ ആക്രമണങ്ങളെക്കുറിച്ചോര്‍ത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം പേടിയുണ്ടെന്നും, പക്ഷെ തന്റെ സ്വഭാവം എന്താണെന്ന് അവര്‍ക്കെല്ലാം അറിയാമെന്നും പാര്‍വതി വെളിപ്പെടുത്തി.

‘എന്റെ സിനിമകളുടെ നിരൂപണങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്. പ്രേക്ഷകരുമായുള്ള ബന്ധത്തെ വിലപ്പെട്ടതായി തന്നെയാണ് കാണുന്നത്. ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ ഫീമെയ്ല്‍ അല്ല. ബാംഗ്ലൂര്‍ ഡെയ്സ് വരെ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ എനിക്ക് അന്യമായിരുന്നു. എനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചോര്‍ത്ത് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും വളരെയധികം ഭയപ്പെടുന്നുണ്ട്.

എന്നാല്‍ എന്റെ സ്വഭാവം എങ്ങനെയാണെന്നുള്ളത് അവര്‍ക്ക് നന്നായി തന്നെ അറിയാം. സത്യം മൂടിവെയ്ക്കാനോ അതിനെ കണ്ടില്ലെന്ന് നടിക്കാനോ എനിക്കാകില്ല. ഭക്ഷണം കഴിക്കുക ഉറങ്ങുക അതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് എനിക്ക് സത്യം പറയുക എന്നതും. അത് വീട്ടുകാര്‍ക്ക് വ്യക്തമായി അറിയാം.’പാര്‍വതി പറഞ്ഞു.താന്‍ ഇപ്പോള്‍ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളൊന്നും തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി അല്ലെന്നും മറ്റുള്ളവര്‍ക്കും, വരുന്ന തലമുറയ്ക്കും കൂടി വേണ്ടിയാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

പലര്‍ക്കും സത്യങ്ങള്‍ വിളിച്ചു പറയണമെന്നുണ്ടെങ്കിലും അതിനുള്ള സാഹചര്യം ലഭിക്കാത്തതു കൊണ്ടാണ് അവര്‍ തുറന്നു പറയാത്തതെന്നും തനിക്ക് അനുഭവമുണ്ടെന്ന് പാര്‍വതി പറഞ്ഞു. തന്നെ ഇഷ്ടപ്പെടുന്ന ധാരാളം ആളുകള്‍ ഉണ്ടെന്നും തനിക്കൊപ്പം നില്‍ക്കില്ലെന്നു പറയുന്ന സ്ത്രീകളില്‍ പലരും പുരുഷ മേധാവിത്വ വ്യവസ്ഥിതിയില്‍ പരുവപ്പെട്ടവരാണെന്നും പാര്‍വതി അഭിപ്രായപ്പെടുന്നു. പാര്‍വതിയും പൃഥ്വിരാജും അഭിനയിച്ച റോഷ്‌നി ദിനകര്‍ ചിത്രം മൈ സ്റ്റോറിക്ക് നോരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു. പാര്‍വതിയുടെ ചില നിലപാടുകളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു റോഷ്ണിയുടെ ആരോപണം.

Related posts