വീട്ടിലെ വളര്‍ത്തുനായയ്ക്ക് ഭക്ഷണം കൊടുപ്പിച്ചു! മകളെ നോക്കി ചിരിച്ചെന്നാരോപിച്ച് അഞ്ചു പോലീസുകാരെ നല്ല നടപ്പ് പരിശീലനത്തിനയച്ചു; എഡിജിപി സുധേഷ് കുമാറിനെതിരെ പരാതി പ്രളയവുമായി പോലീസുകാര്‍ രംഗത്ത്

എഡിജിപി സുധേഷ് കുമാറിനെതിരെ പരാതി പ്രളയവുമായി പോലീസുകാര്‍ രംഗത്ത്. മനുഷ്യാവകാശ ലംഘനമടക്കമുള്ള കുറ്റങ്ങളാണ് എഡിജിപിക്കെതിരെ പലരും ആരോപിക്കുന്നത്.

എഡിജിപിയുടെ വീട്ടില്‍ ദാസ്യപ്പണി എടുപ്പിക്കുന്നതിനെതിരെയാണ് പോലീസുകാര്‍ ഒന്നടങ്കം രംഗത്ത് വന്നിരിക്കുന്നത്. എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റെന്നു പരാതിപ്പെട്ട പോലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് എസ്എപി ക്യാമ്പിലെ പോലീസുകാര്‍ അദ്ദേഹത്തിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ട് വന്നിരിക്കുന്നത്.

എഡിജിപി സുധേഷ് കുമാറിന്റെ ഔദ്യോഗിക വസതിയില്‍ ജോലി ചെയ്യുന്ന ലിജോയെന്ന പോലീസുകാരനെ എസ്എപി ക്യാമ്പില്‍ പാചകത്തിനെത്തിയപ്പോള്‍ മുമ്പ് പോലീസുകാര്‍ തടഞ്ഞിരുന്നു. എഡിജിപിയുടെ വീട്ടിലെ പട്ടിക്ക് വാങ്ങിയ മീന്‍ എസ്എപി ക്യാമ്പില്‍ വറുക്കാന്‍ കൊണ്ടുവന്നപ്പോഴാണ് തടഞ്ഞത്.

അതേസമയം, ഇത്തരം ദാസ്യപ്പണികള്‍ ചെയ്യിപ്പിക്കുന്നത് സ്ഥിരമാണെന്ന് പോലീസുകാര്‍ ആരോപിച്ചു. പട്ടിയെ പരിശീലിപ്പിക്കാന്‍ അസംതൃപ്തി പ്രകടിപ്പിച്ച പോലീസുകാരനെ കാസര്‍ഗോഡേക്ക് സ്ഥലം മാറ്റിയ സംഭവവും ഉണ്ടായിരുന്നു. എ ഡി ജി പി മുമ്പും ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നിരുന്നു. പട്ടി കടിച്ചപ്പോള്‍ ഡിജിപിക്കു പരാതി നല്‍കിയപ്പോഴായിരുന്നു പ്രതികാര നടപടിയെന്ന് പോലീസുകാര്‍ പറഞ്ഞു. മകളെ നോക്കി ചിരിച്ചുവെന്നാരോപിച്ച് അഞ്ചു പോലീസുകാരെ നല്ല നടപ്പ് പരിശീലനത്തിനയച്ചതായും പോലീസുകാര്‍ വെളിപ്പെടുത്തി.

Related posts